കണ്ണൂർ: പേരാവൂരിലും പയ്യന്നൂരിലും ഹോം വോട്ടിംഗിൽ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥർക്ക് നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ അറിയിച്ചു.
മൈക്രോ ഒബ്സർവർ, പോളിംഗ് ഓഫീസർ, വോട്ടർ, സഹായി വോട്ടർ എന്നിവരുടെ മൊഴി എടുത്തതിൽ നിന്നും വീഡിയോ പരിശോധിച്ചതിൽ നിന്നും ഇക്കാര്യത്തിൽ നടപടിക്രമങ്ങളിൽ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായതായി ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പേരാവൂർ അസി. റിട്ടേണിംഗ് ഓഫീസറായ ഡിവിഷണൽ ഫോറസറ്റ് ഓഫീസർ എസ് വൈശാഖ് റിപ്പോർട്ട് നൽകിയതായും കളക്ടർ അറിയിച്ചു.
പേരാവൂർ ബംഗ്ലക്കുന്നിലെ 123 നമ്പർ ബൂത്തിലെ വോട്ടറായ 106 വയസുകാരിയായ കല്ല്യാണി എറക്കോടൻ ഹൗസ് എന്നവരുടെ വീട്ടിൽ ഏപ്രിൽ 20ന് ഉച്ചയോടെയാണ് സ്‌പെഷ്യൽ പോളിംഗ് ടീം ചെന്നത്. പോളിംഗ് സ്‌റ്റേഷൻ പരിധിയിലെ പ്രധാന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യവും മുൻകൂട്ടി അറിയിച്ച് ഉറപ്പുവരുത്തിയിരുന്നു. ഈ സമയം വോട്ടറുടെ മകളും അടുത്ത ബന്ധുവും അവിടെ ഉണ്ടായിരുന്നു. വോട്ടറുടെ മകൾക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് വോട്ടറും മകളും അടുത്തബന്ധുവിനെ സഹായിയായി നിർദേശിക്കുകയാണുണ്ടായത്.
1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 40 പ്രകാരം പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെടുകന്ന പക്ഷം യഥാർത്ഥ വോട്ടർ ആഗ്രഹിക്കുകയാണെങ്കിൽ 18 വയസ് പൂർത്തിയായ ഏതൊരാൾക്കും സഹായി വോട്ടറായി പ്രവർത്തിക്കാം.
പയ്യന്നൂരിൽ കോറോം വില്ലേജിലെ മാധവൻ വെളിച്ചപ്പാടിന്റെ വോട്ട് ചെയ്തത് സംബന്ധിച്ച പരാതിയിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതുസംബന്ധിച്ച നിർദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. 18ന് വൈകിട്ട് മൂന്നരയോടെയാണ് പോളിംഗ് ടീം ഈ വീട്ടിൽ എത്തിയത്. വോട്ടർക്ക് പ്രായാധിക്യം കാരണം സഹായിയെ വേണമെന്ന് ആവശ്യപ്പെട്ടപ്രകാരമാണ് ഇ.വി.സുരേഷ് എന്നയാളെ സഹായി വോട്ടറായി അനുവദിച്ചത്. ഇതുസംബന്ധിച്ച് ഒരു തർക്കവും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട രേഖകളിൽ വോട്ടർ വിരലടയാളം നൽകുകയും ചെയ്തിട്ടുണ്ട്. വോട്ടിംഗ് നടപടികളുടെ വീഡിയോ പരിശോധിക്കുകയും മൈക്രോ ഒബ്സർവർ, പോളിംഗ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത് അസി. റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ സിറോഷ് ജോൺ റിപ്പോർട്ട് കൈമാറിയതായും ജില്ലാ കളക്ടർ അറിയിച്ചു.