കണ്ണൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജന്റെ പൊതു പര്യടനം ഇന്ന് സമാപിക്കും. കണ്ണൂർ മണ്ഡലത്തിലെ മുണ്ടേരി കൈപ്പക്കയിൽ മെട്ടയിൽ തുടങ്ങി രാത്രി തോട്ടട ബസാറിലാണ് സമാപനം. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് തവണ പൊതുപര്യടനത്തിന്റ ഭാഗമായും ആദ്യ ഘട്ടത്തിൽ മൂന്ന് തവണയും സന്ദർശിച്ചു. ആറ് ഘട്ടങ്ങളിലായി നടന്ന പര്യടനത്തോടെ ഭൂരിഭാഗം വോട്ടർമാരെയും നേരിട്ട് കാണാൻ ജയരാജന് സാധിച്ചു. വിവിധ സ്ഥാപനങ്ങളും തൊഴിലിടങ്ങളും ആദ്യ ഘട്ടത്തിൽ സന്ദർശിച്ചു. ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്ന സന്ദേശം ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ളവർ ഒരേ സ്വരത്തിൽ ഏറ്റെടുത്തതോടെ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മാറ്റത്തിന്റെ കാറ്റ് വീശും എന്ന് ഉറപ്പായെന്നും ജയരാജൻ പറഞ്ഞു. നാളെ തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് കൂറ്റൻ റോഡ് ഷോ നടക്കും.