തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പടന്ന കടപ്പുറത്ത് പ്രചാരണം തടസ്സപ്പെടുത്തിയതിനെതിരെ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി ചന്തേര പൊലീസിന് പരാതി നൽകി. തന്റെ പ്രചരണം തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അസഭ്യവാക്കുകൾ പ്രയോഗിച്ചതിനുമാണ് അശ്വിനി പരാതി നൽകിയത്.
ജനാധിപത്യ സംവിധാനത്തിൽ സ്ഥാനാർത്ഥിക്ക് എവിടെയും വോട്ട് ചോദിയ്ക്കാൻ അവകാശം ഉണ്ടെന്നിരിക്കെ പ്രചാരണത്തിനും പ്രവർത്തനത്തിനും സഞ്ചാരത്തിനും തടസ്സം നിൽക്കുന്നത് അപലപനീയമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനി പറഞ്ഞു. ഭീഷണിയെ വകവയ്ക്കാതെ എല്ലാ വിഭാഗം ജനങ്ങളെയും കണ്ട് വോട്ടഭ്യർത്ഥന നടത്തുമെന്ന് അശ്വിനി പറഞ്ഞു.
എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണം തടസ്സപ്പെടുത്തിയത് പരാജയഭീതി മൂലമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാർ പ്രതികരിച്ചു. സി.പി.എം ശക്തികേന്ദ്രങ്ങളിൽ ജനാധിപത്യപരമായ അവകാശങ്ങളുടെ പ്രത്യക്ഷമായ ധ്വംസനമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പോലും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ബി.ജെ.പി പ്രവർത്തകർക്ക് നിഷേധിക്കപ്പെടുകയാണ്. ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്താനിരിക്കെയാണ് സി.പി.എം ശക്തികേന്ദ്രത്തിൽ ഇത്തരമൊരു അതിക്രമം നടന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു എന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.