root-march

കണ്ണൂർ: വീട്ടിലെ വോട്ട് സംവിധാനത്തിൽ തന്നെ കള്ളവോട്ട് ആരോപണമടക്കം ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഇക്കുറി തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കും.ഇതിനകം ദ്രുതകർമ്മ സേനയും സി.ആർ.പിഎഫും ജില്ലയിൽ എത്തിക്കഴിഞ്ഞു.നിലവിൽ ഇടതു വലതു മുന്നണികൾ ഉന്നയിച്ച കള്ളവോട്ട് ആരോപണ കേസുകളിൽ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതികളായ സാഹചര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

കേന്ദ്രസേനയെ വിന്യസിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് രണ്ട് കമ്പനി സി.ആർ.പി.എഫും രണ്ട് കമ്പനി ദ്രുതകർമ്മ സേനയും ജില്ലയിലെത്തി. രണ്ട് കമ്പനി ദ്രുതകർമ്മ സേനയും എത്തിയിട്ടുണ്ട്. ലോക്കൽ പൊലീസുമായി ചേർന്ന് ഇവർ ജില്ലയിൽ റൂട്ട് മാർച്ച് നടത്തി.കർണാടക പോലീസിന്റെ മൂന്ന് കമ്പനി പൊലീസും ഇതിന് പുറമേയുണ്ട്. ദ്രുതകർമ സേനയുടെ 831 സേനാംഗങ്ങൾ പിലാത്തറയിലാണ് ക്യാമ്പ് ചെയ്യുന്നത്.കേന്ദ്ര സായുധ പൊലീസിന്റെ 91 അംഗസംഘമാണ് മാവോവാദി സാന്നിധ്യമേഖലയായ ആറളത്തെത്തിയത്. ഐ.ടി.ബി.പി പൊലീസ് കമ്പനിയുടെ 86 പേരടങ്ങുന്ന സംഘവും ജില്ലയിലെത്തിയിട്ടുണ്ട്.

വടകര ലോക്സഭാ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ തളിപ്പറമ്പ്, പേരാവൂർ, ഇരിക്കൂർ , കാസർകോട് മണ്ഡലത്തിൽപ്പെടുന്ന പയ്യന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ജില്ലയിലെ പ്രശ്ന സാദ്ധ്യതാ ബൂത്തുകളുള്ളത്.

320 പ്രശ്നസാദ്ധ്യതാ ബൂത്തുകൾ

34 ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും അധികൃതർ ഏറെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.ജില്ലയിൽ 320 ബൂത്തുകളിൽ പ്രശ്സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ജില്ലയിലെ 34 ബൂത്തുകൾ മാവോവാദി ഭീഷണിയും നേരിടുന്നുണ്ട്. അതിസുരക്ഷാ പ്രശ്നങ്ങളുള്ള ബൂത്തുകളിൽ ബാരിക്കേഡ് കെട്ടി അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.ഇതിന്റെ ഭാഗമായാണ് ദ്രുതകർമ്മ സേനയും സി.ആർ.പി.എഫും ജില്ലയിലെത്തിയത്.

റിസ്‌ക്കെടുക്കാൻ വയ്യ

അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ വോട്ട് സംവിധാനത്തിൽ ഉയർന്ന കള്ളവോട്ട് ആരോപണത്തിന്റെ ഫലമായി തുടർന്നും തങ്ങൾക്ക് റിസ്‌ക് എടുക്കാൻ വയ്യ എന്ന അവസ്ഥയിലാണ് അധികൃതർ.

ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതികളാക്കപ്പെടുമ്പോൾ കടുത്ത സുരക്ഷ തന്നെ പോളിംഗ് ബൂത്തുകളിൽ ക്രമീകരിക്കും.

പോളിംഗ് ബൂത്തിലേക്ക് എത്തും മുൻപേ മുന്നണികൾ പരസ്പരം ആരോപണവുമായി രംഗത്ത് വന്നതോടെ പോളിംഗ് ദിവസം ഏറെ ജാഗ്രത പുലർത്താനാണ് അധികൃതരുടെ നീക്കം.അതുകൊണ്ടുതന്നെയാണ് കൂടുതൽ സേനയെ ജില്ലയിൽ എത്തിക്കുന്നത്.


വെബ് കാസ്റ്റിംഗ് ഉറപ്പിക്കും

ബൂത്തുകൾ വെബ്കാസ്റ്റിംഗ് ഉണ്ടാകുമെന്നതിനാൽ ഒരു ശതമാനം കള്ളവോട്ട് പോലുമുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത ബൂത്തുകളിൽ പരിഹാരശ്രമങ്ങൾ പരോഗമിക്കുകയാണ്. ഇവിടങ്ങളിൽ ബദലായി സി.സി ടി.വി, വീഡിയോ ഷൂട്ടിംഗ് എന്നിവയുണ്ടാകും.