പേരാവൂർ: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴും കണ്ണൂരിലെ മലയോര ജനതയുടെ മനസറിയാതെ പ്രധാന മുന്നണി സ്ഥാനാർത്ഥികൾ. മലയോര മനസ് ഇപ്പോഴും പ്രവചനാതീതമാണെന്ന ആശങ്കയ്ക്ക് ചില കാരണങ്ങൾ ഉണ്ട്.
കാർഷിക മേഖലയായ മലയോര ഗ്രാമങ്ങൾ മുൻപൊന്നും ഇല്ലാത്തത്ര വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്. ആറളം, അയ്യൻകുന്ന്, ഉളിക്കൽ, പേരാവൂർ, തില്ലങ്കേരി, കോളയാട്, കണിച്ചാർ, കേളകം, കൊട്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് വർഷങ്ങളായി വന്യമൃഗശല്യം പേറി കഴിയുന്നത്. കാട്ടാനകളും, കാട്ടുപന്നികളും, കാട്ടുപോത്തുകളും, കുരങ്ങുകൾക്കും പുറമേ അടുത്ത കാലത്തായി പുലിയും കടുവയും വരെ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ നാട്ടിലിറങ്ങി വിലസാൻ തുടങ്ങിയതോടെ ജനങ്ങളുടെ സ്വൈര്യ ജീവിതമാണ് തടസപ്പെട്ടത്.
ആറളം ഫാം പുനരധിവാസ മേഖല കാട്ടാനകളുടെ താവളമാണ്. നാല്പതിലധികം ആനകളാണ് ഇവിടെയുള്ളത്. ഇരുപതിലേറെ ആനകളെ കാട്ടിലേക്ക് തുരത്താനായെങ്കിലും കാടിറങ്ങുന്ന ആനകൾ കൊന്നും കൊലവിളിച്ചും ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. പത്ത് വർഷത്തിനിടെ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 18 പേരാണ്. ആറളം ഫാമിൽ മാത്രം 12 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കശുവണ്ടി സീസണായതിനാൽ പുനരധിവാസ മേഖലയിലെ നിരവധി തൊഴിലാളികളാണ് ദിവസവും കശുവണ്ടി ശേഖരിക്കാൻ തോട്ടത്തിൽ പോകുന്നത്. ജോലിക്കിടയിൽ ആനകളുടെ മുന്നിലകപ്പെട്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് പരിക്കേറ്റത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.
ആറളത്തും, കേളകം അടക്കാത്തോട്ടിലും, കൊട്ടിയൂർ പന്നിയാംമലയിലും പുലികൾക്കു പുറമേ കടുവകളും പട്ടാപ്പകൽ ജനവാസ കേന്ദ്രങ്ങളിലെത്തി. അടക്കാത്തോട്ടിലെത്തിയ കടുവയെ ഒരാഴ്ചയ്ക്ക് ശേഷമാണ് മയക്കുവെടിവച്ച് പിടികൂടിയത്.
നട്ടെല്ലൊടിക്കുന്ന വിലയിടിവും ഉല്പാദനക്കുറവും
കാർഷിക വിളകളുടെ വിലയിടിവും ഉല്പാദനക്കുറവും കർഷകരുടെ നട്ടെല്ലൊടിക്കുകയാണ്. റബ്ബറിന് കിലോയ്ക്ക് 177 രൂപ വിലയുണ്ടെങ്കിലും വേനൽ കടുത്തതോടെ ഉല്പാദനം മൂന്നിലൊന്നായി. കൂലി കൊടുക്കാൻ പോലും കഴിയാതായതോടെ പലരും ടാപ്പിംഗ് നിർത്തി. കശുവണ്ടിയുടെ ഉല്പാദനക്കുറവും വിലയിടിവും കർഷകർക്ക് തിരിച്ചടിയായി. തറവില നിശ്ചയിക്കാത്തതാണ് വിലക്കുറവിന് കാരണമെന്നാണ് കർഷകർ പറയുന്നത്.
മുന്നണികൾ പ്രതീക്ഷ കൈവിടുന്നില്ല
കഴിഞ്ഞ ടേമിൽ മികച്ച വിജയം നേടിയ യു.ഡി.എഫിന് ഇക്കുറിയും കെ.സുധാകരൻ തന്നെ സ്ഥാർത്ഥിയാകുമ്പോൾ മലയോരത്തിന്റെ പിന്തുണയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. വന്യജീവി ശല്യത്തിലുള്ള ഇടപെടൽ, ബഫർ സോൺ സമീപനം, വികസന പ്രവർത്തനങ്ങൾ, മലയോര കർഷകരുടെ പിന്തുണ എല്ലാം വോട്ടായി മാറുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.
പാർലമെന്റിൽ കണ്ണൂരിന്റെ ശബ്ദമായി മാറുന്നതിന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് പിന്തുണ ലഭിക്കുകയെന്ന് എൽ.ഡി.എഫ് പറയുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ, വർഗീയതയക്കെതിരെയുള്ള ശക്തമായ നിലപാട്, റബ്ബർ സബ്സിഡി ഉയർത്തിയത്, ആറളത്ത്
ആനമതിൽ നിർമ്മാണം, കടുവകളെ മയക്കുവെടിവച്ച് പിടികൂടി, പഞ്ചായത്തുകൾ തോറും നടത്തിയിട്ടുള്ള വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ ഇങ്ങനെ നിരവധി കാര്യങ്ങൾ അനുകൂലമാണ്.
നിലവിലെ എം.പി.ജയിച്ചു പോയതിന് ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്ന എൽ.ഡി.എഫിന്റെ ആരോപണം കെ.സുധാരനെ അനുകൂലിക്കുന്നവരും അംഗീകരിക്കുന്നുണ്ട്.
കഴിഞ്ഞ തവണ 68,509 വോട്ടു നേടിയ ബി.ജെ.പി ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ്.