ഇരിട്ടി: ടൗണിലെ മുസ്ലിം പള്ളിക്ക് സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഷീറ്രുവിരിച്ച മേൽക്കൂര കാറ്റിൽ തകർന്ന് വീണു. ഇന്നലെ വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലുമാണ് മേൽക്കൂര തകർന്ന് വീണത്. സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിനും ഒരു കാറിനും ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഓടുകൾ മുഴുവൻ മാറ്റി ഷീറ്റുകൾ ഇടുകയായിരുന്നു. ഇരുനില കെട്ടിടത്തിൽ താഴെയും മുകളിലുമായി നാലു മുറികളാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായി തകർന്ന് വീണെങ്കിലും വലിയ അപകടം ഒഴിവായി.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന സമയത്ത് ഒരു പരിശോധനയും നഗരസഭാ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. വേണ്ടത്ര സുരക്ഷിതത്വം പാലിക്കാതെയാണ് മേൽക്കൂരകൾ പുതുക്കിപ്പണിയുന്നത്.