പാനൂർ: കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം പ്രസിഡന്റ് ഭാർഗവൻ മാസ്റ്ററുടെ ആണ്ടിപ്പീടികക്കടുത്ത് വിഭാസ് എന്ന വീടിന് നേരെ ഞായറാഴ്ച രാത്രി കല്ലേറ്. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
ശക്തമായ ഇടിമിന്നലിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി നിലച്ചിരുന്നു. രാത്രി 10 മണി ഓടെയാണ് കല്ലേറുണ്ടായത്. ഭാർഗവൻ മാസ്റ്ററുടെ ഭാര്യയും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നു. കല്ലേറിൽ ജനൽ ഗ്ലാസുകൾ തകർന്നു. നിരവധി തവണ കല്ലേറുണ്ടായി. കുട്ടികളടക്കം ഭയന്ന് നിലവിളിച്ചതിനെ തുടർന്ന് അക്രമികൾ ഓടി മറയുകയായിരുന്നു. പാനൂർ സി.ഐ കെ.പ്രേംസദന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.