
കണ്ണൂർ: പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ കണക്കുകൂട്ടലുകളിലേക്ക് കടന്ന് മുന്നണികൾ. വിവിധയിടങ്ങളിൽ റോഡ് ഷോയുമായി കളം നിറയുകയായിരുന്നു ഇന്നലെ മൂന്നു മുന്നണികളും ഇന്നലെ. എൽ.ഡി.എഫ് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മൂന്നുഘട്ടമായാണ് പൊതുപര്യടനം നടത്തിയത്. വിവിധ സ്ഥാപനങ്ങളും തൊഴിലിടങ്ങളും സന്ദർശിച്ചായിരുന്നു അവരുടെ തുടക്കം.രണ്ടുവട്ടം വീതം എൻ.ഡി.എയും യു.ഡി.എഫും മണ്ഡല പര്യടനം നടത്തി.
മുതിർന്ന നേതാക്കളെയടക്കം എത്തിച്ച് അവസാനഘട്ടത്തിൽ വലിയ ഓളമുണ്ടാക്കുകയായിരുന്നു മൂന്നു മുന്നണികളും. സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനൊപ്പം താഴെത്തട്ടിൽ സജീവമായിരുന്നു മുന്നണികൾ. വീടുകളിൽ എത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ . ഇന്നും നാളെയും റോഡ് ഷോയ്‌ക്കൊപ്പം ജന സമ്പർക്കമടക്കമുള്ള പ്രചാരണ തന്ത്രങ്ങളിലാണ് എൻ.ഡി.എ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കളറാകും കൊട്ടിക്കലാശം
കൊട്ടിക്കലാശം പരമാവധി വർണാഭമാക്കാനുള്ള ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും.എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജന്റെ പ്രചാരണം ഇന്ന് വൈകിട്ട് 4.15ന് പുതിയ സ്റ്റാൻഡ് പരിസരത്ത് തുടങ്ങി സ്‌റ്റേറ്റ് ബാങ്ക് പ്ലാസ, റെയിൽവേ സ്‌റ്റേഷൻ വഴി കാൽടെക്സിൽ സമാപിക്കും. യു.ഡി.എഫ്. റാലി ഉച്ചയ്ക്ക് 2.30ന് കണ്ണൂർ സിറ്റിയിൽ നിന്നാരംഭിച്ച് കണ്ണൂർ ചേംബർ ഹാൾ, സ്‌റ്റേഡിയം കോർണർ, പുതിയ സ്റ്റാൻഡ്, പ്ലാസ ജംഗ്ഷൻ വഴി 5.30ന് സ്‌റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ സമാപിക്കും.എൻ.ഡി.എ. റാലികൾ രാവിലെ 11 മുതൽ ആരംഭിക്കും. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്ന റാലികൾ 4 മണിക്ക് എസ്.എൻ.പാർക്കിൽ സംഗമിച്ച് പ്രഭാത് ജംഗ്ഷൻ , പ്ലാസ, റെയിൽവേ സ്‌റ്റേഷൻ റേഡ് വഴി 5.45ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും.
അവസാനഘട്ടത്തിലും തലപുകഞ്ഞ്
പരമാവധി വോട്ട് സമാഹരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിൽ നെഗറ്റീവും പോസിറ്റീവുമായ ഘടകങ്ങൾ വിലയിരുത്തുകയാണ് മുന്നണികൾ. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സമയം ലഭിച്ചതിനാൽ വേണ്ടത്ര ഗൃഹപാഠം നടത്തിയായിരുന്നു ഇക്കുറി തന്ത്രങ്ങൾ ആവിഷ്കരിച്ചത്.
എന്നാൽ ഇത്രയും സമയമുണ്ടായിട്ടും തുടർച്ചയായി പാളിച്ചകൾ ഉണ്ടാകുന്നത് നേതൃത്വങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സുധാകരന്റെ മുൻ പി.എ ബി.ജെ.പിയിലേക്ക് പോയതടക്കമുള്ള പ്രശ്നങ്ങളാണ് യു.ഡി.എഫിനെ അലട്ടുന്നത്. ഇത്തരം കൊഴിഞ്ഞുപോക്ക് വരും ദിവസങ്ങളിലും ഉണ്ടായേക്കുമോയെന്ന ആശങ്ക യു.ഡി.എഫ് ക്യാമ്പിലുണ്ട്. പാനൂർ ബോംബ് സ്‌ഫോടനം,വടകരയിലെ വീഡിയോ വിവാദത്തിലെ അപ്രതീക്ഷിത തിരിച്ചടികൾ എന്നിവ എൽ.ഡി.എഫിനും തലവേദനയായിട്ടുണ്ട്. നേതാക്കളുടെ വരവിലും പ്രചാരണത്തിലും വലിയ മുന്നേറ്റം ഉറപ്പാക്കിയെങ്കിലും ന്യൂനപക്ഷങ്ങളിൽ നിന്നുയരുന്ന ആശയങ്കടക്കം പ്രതികൂല ഘടങ്ങൾ തിരിച്ചടിയാകുമോയെന്ന ഭയത്തിലാണ് എൻ.ഡി.എ.