കാസർകോട്: പൊതു തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സുഗമമാക്കുന്നതിന് നിയോഗിച്ചിട്ടുളള പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്താൻ വളരെ പ്രാധാന്യം നൽകുമെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും സെക്ടറൽ ഓഫീസർമാരുമായി ബന്ധപ്പെട്ട് അതാത് പ്രദേശത്തെ പോളിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ വൈദ്യ സഹായ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. ആരോഗ്യ രക്ഷാ ജീവനക്കാരുടെ ടീമിനെ ഡ്യൂട്ടി നിയോഗിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ ഉത്തരവായി.

എല്ലാ പോളിംഗ് സ്റ്റേഷനുകളും പരിസരവും വൃത്തിയാക്കുക പോളിംഗ് സ്റ്റേഷനുടെ പരിസരത്തെ കുറ്റിക്കാടുകളും മറ്റും നീക്കം ചെയ്ത് ബൂത്തിൽ എത്തിച്ചേരുന്നതിനുള്ള സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തുക കുടുംബശ്രീയുടെ ചുമതലയാണ്.

ഭക്ഷണവും താമസവും

പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് സ്റ്റേഷനിൽ തന്നെ അത്യാവശ്യ താമസ സൗകര്യം. ഫർണീച്ചർ, വൈദ്യുതി സംവിധാനങ്ങൾ ഉറപ്പുവരുത്തുക, ശുദ്ധമായ കുടിവെള്ളം,​ വൃത്തിയുള്ള ശുചിമുറി എന്നിവ ഉറപ്പാക്കുക,​ പോളിംഗ് ഡ്യൂട്ടിയുള്ള വനിതകൾക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുക,​ ഭക്ഷണം ഉറപ്പുവരുത്തുക,​ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും 983 പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കി ആവശ്യാനുസരണം ഭക്ഷണം നൽകുക. കൊതുകുതിരി,​ മെഴുക് തിരി,​ വാടകയ്ക്ക് ലഭ്യമാകുന്ന ബെഡ് റോൾ എന്നിവ ഒരുക്കുക.

മൊബൈൽ പട്രോൾ യൂനിറ്റ്

ഏതു അടിയന്തര സാഹചര്യവും നേരിടുന്നതിന് പര്യാപ്തമായ എത്രയും വേഗത്തിൽ എത്തിച്ചേരുന്നതിന് മൊബൈൽ പട്രോൾ യൂണിറ്റ് സജ്ജമാക്കുക.