kottiyur
വൈശാഖോത്സവത്തിന് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടന്നപ്പോൾ

മണത്തണ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടന്നു. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് നടന്നത്. അവിലും ശർക്കരയും തേങ്ങയും ഉൾപ്പെടുന്ന പൂജാ സംവിധാനമാണ് ദൈവത്തെ കാണൽ ദിവസം വകയാട്ട് പൊടിക്കളത്തിൽ നടക്കുന്നത്.
കൊട്ടിയൂരിന്റെ നാല് ഊരാളൻമാരെയും സാക്ഷിയാക്കി കുറിച്യസ്ഥാനീകൻ തന്റെ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്.

ഇന്നലെ രാവിലെ 10 മണിയോടെ ആരംഭിച്ച ദൈവത്തെ കാണൽ ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റിയുമായ കെ.സി.സുബ്രഹ്മണ്യൻ നായർ മറ്റ് പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കുളങ്ങരയത്ത് കൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ,
ദേവസ്വം ജീവനക്കാർ എന്നിവരും നിരവധി ഭക്തരും പങ്കെടുത്തു.

ഗോത്രാചാരത്തിൽ തുടങ്ങി 'ശൈവ- വൈഷ്ണവ- ശാക്തേയ' ആരാധന രീതികൾ സമന്വയിക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് ദൈവത്തെ കാണൽ ചടങ്ങോടെ തുടക്കമാവുകയാണ്.
വൈശാഖ മഹോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം നാളെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. തണ്ണീർകുടി ചടങ്ങ്, നെല്ലളവ്, അവിൽ അളവ്, ആയില്യാർക്കാവിൽ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ. മേയ് 21ന് നെയ്യാട്ടത്തോടെ ഈ വർഷത്തെ വൈശാഖ മഹോത്സവം ആരംഭിക്കും.

ക്ഷേത്രത്തിലേക്ക് നെല്ല് സ്വീകരിക്കുന്ന ആചാരം

കൊട്ടിയൂരിന്റെ അധീനതയിൽ പതിനെട്ടര പൊടിക്കളങ്ങളാണ് ഉണ്ടായിരുന്നത്. ഗ്രാമീണരായ കർഷകർ വൈശാഖ മഹോത്സവത്തിന് സമർപ്പിക്കുന്ന നെല്ല് ശേഖരിച്ച് വയ്ക്കുക, വയൽ പ്രദേശങ്ങളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പൊടിക്കളങ്ങളിലായിരുന്നു. ഇങ്ങനെ ശേഖരിക്കുന്ന നെല്ല് ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത് 'ദൈവത്തെ കാണൽ' ചടങ്ങോടുകൂടിയായിരുന്നു. ഇങ്ങനെ സ്വീകരിക്കുന്ന നെല്ല് പത്തായപ്പുരകളിൽ എത്തേണ്ടതുണ്ട്. പത്തായപ്പുരകളിൽ നിന്നും ഇക്കരെ ക്ഷേത്രത്തിലെത്തുന്ന നെല്ല് അളന്നു തിട്ടപ്പെടുത്തി വിവിധ ആവശ്യങ്ങളിലേക്ക് തരം തിരിക്കുന്നത് 'പ്രക്കൂഴം' ദിവസമാണ്. പതിനെട്ടര പൊടിക്കളങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു മണത്തണയിലെ വാകയാട്ട് പൊടിക്കളം. പത്തായപ്പുരകളും, പൊടിക്കളങ്ങളിൽ പലതും ഇന്ന് ഇല്ലാതായെങ്കിലും വാകയാട്ടെ പൊടിക്കളത്തിൽ നടക്കുന്ന ഗോത്രാചാര ചടങ്ങിന് പ്രാധാന്യം ഏറെയാണ്.