കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ പരിസമാപ്തിയായ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് രാഷ്ട്രീയ പാർട്ടികൾക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കണ്ണൂർ അസി. പൊലീസ് കമ്മിഷണറുടെ കാര്യാലയത്തിൽ ചേർന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തലാണ് മാർഗനിർദ്ദേശങ്ങൾ.

എൽ.ഡി.എഫ് ജാഥ ബുധനാഴ്ച വൈകിട്ട് 4.15ന് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ഐ.ഒ.സി, റെയിൽവേ മുത്തപ്പൻ ക്ഷേത്രം റോഡ് വഴി 4.45 മണിക്ക് പ്ലാസ് ജംഗ്ഷനിൽ എത്തി മുഴുവൻ പ്രവർത്തകരും കടന്നു പോയതിനു ശേഷം റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, യോഗശാല ജംംഗ്ഷനിലെത്തി സ്റ്റേഡിയം കോർണർ വഴി 5.30ന് കാൾടെക്സ്, കെ.എസ്.ആർ.ടി.സി പരിസരത്ത് എത്തി ആറ് മണിക്ക് സമാപിക്കും. യോഗശാല റോഡിൽ നിന്ന് അഞ്ച് മണിക്ക് യു.ഡി.എഫ് ജാഥ കാർഗിൽ ജംഗ്ഷൻ ഭാഗത്തേക്ക് കടന്നു പോയതിനു ശേഷം മാത്രമേ എൽ.ഡി.എഫ് ജാഥ സ്റ്റേഡിയം കോർണർ ഭാഗത്തേക്ക് കടക്കുകയുള്ളു.

ബി.ജെ.പി ജാഥ 4.45 ന് പ്രഭാത് ജംഗ്ഷനിൽ നിന്നാരംഭിച്ച് ഫോർട്ട് റോഡ് വഴി പ്ലാസ ജംഗ്ഷനിൽ അഞ്ച് മണിക്ക് എത്തി ചേർന്ന് റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ വഴി 5.30ന് പഴയ ബസ് സ്റ്റാൻഡിലെത്തി ആറ് മണിക്ക് അവസാനിപ്പിക്കുന്നതിനും പ്ലാസ ജംഗ്ഷനിൽ എൽ.ഡി.എഫ് ജാഥ മുഴുവനും 4.45 നുള്ളിൽ കടന്നുപോയി 15 മിനുട്ടിനു ശേഷം മാത്രമേ റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കാൻ പാടുള്ളു എന്നും തീരുമാനിച്ചു.

യു.ഡി.എഫ് ജാഥ 3.15ന് കണ്ണൂർ സിറ്റി ഭാഗത്ത് നിന്നും ആരംഭിച്ച് ചേമ്പർ ഹാൾ, ഗാന്ധി സർക്കിൾ സ്റ്റേഡിയം കോർണർ വഴി അഞ്ച് മണിക്ക് മുമ്പായി യോഗശാല ജംഗ്ഷൻ കടന്ന് കാർഗിൽ ജംഗ്ഷൻ പൊലീസ് ക്ലബ് താവക്കര ഐ.ഒ.സി വഴി റെയിൽവേ മുത്തപ്പൻ ക്ഷേത്രം റോഡ് വഴി 5.30ന് എസ്.ബി.ഐ ജംഗ്ഷനിൽ എത്തി ആറ് മണിക്ക് അവസാനിപ്പിക്കുന്നതിനും തീരുമാനമായി.

ശ്രദ്ധിക്കാൻ...............

ജാഥയിൽ പടക്കങ്ങൾ പൊട്ടിക്കരുത്

ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർ മാത്രം

പ്രകടനത്തോടൊപ്പം മാത്രം പ്രചരണ വാഹനങ്ങൾ

ഗതാഗതത്തിന് നിയന്ത്രണം

വൈകിട്ട് മൂന്ന് മണി മുതൽ ആറ് മണി വരെ നഗരത്തിൽ പ്രഭാത് ജംഗ്ഷൻ, എസ്.ബി.ഐ ജംഗ്ഷൻ, പ്ലാസ, റെയിൽവേ സ്റ്റേഷൻ റോഡ്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, യോഗശാല റോഡ്, സ്റ്റേഡിയം കോർണർ, കാൾടെക്സ്, ചേമ്പർ ഹാൾ, താവക്കര, ഐ.ഒ.സി എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകളൊഴിവാക്കുന്നതിന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഉച്ചക്കു ശേഷം അത്യാവശ്യ വാഹനങ്ങൾ മാത്രമേ നഗരത്തിൽ പ്രവേശിക്കാവൂ. പുതിയതെരു ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങൾ തെക്കീ ബസാർ ധനലക്ഷ്മി താണ വഴി തിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചു.