
പഴയങ്ങാടി:പുതിയങ്ങാടി ചൂട്ടാട് മേഖലയിലെ തീരദേശത്ത് കടലാക്രമണം രൂക്ഷം. ചൂട്ടാട് ബീച്ച് പാർക്കിനും പുതുതായി നിർമ്മിക്കുന്ന പുലിമൂട്ടിനും ഇടയിലാണ് കടലാക്രമണം രൂക്ഷമായത്. വൻ തിരമാലകൾ അടിച്ചു കയറി കര ഭാഗികമായും കടലെടുത്ത നിലയിലാണ്. പാർക്കിലെ സോളാർ ലൈറ്റുകളും പാം വൃക്ഷങ്ങളും ഇരിപ്പിടങ്ങളും കടലെടുത്തു. പാർക്കിൽ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി കടൽക്കരയിൽ സ്ഥാപിച്ച ഊഞ്ഞാലുകൾ മാറ്റിത്തുടങ്ങിയിട്ടുണ്ട്. പുലിമുട്ട് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇപ്പോഴത്തെ കടലാക്രമണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കടലാക്രമണത്തെ തുടർന്ന് കടൽക്കരയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. എം.വിജിൻ എം.എൽ.എ, സി പി.എം മാടായി ഏരിയ സെക്രട്ടറി വി.വിനോദ്, മാടായി പഞ്ചായത്ത് അംഗം പി.ജനാർദ്ദനൻ, സി പി.എം മാടായി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.വേണുഗോപാൽ തുടങ്ങിയവരും വില്ലേജ് റവന്യൂ ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദർശിച്ചു.