raja

ചെറുവത്തൂർ: മുസ്ലീങ്ങൾക്കെതിരായി രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗം പച്ചയായ തിരഞ്ഞെടുപ്പ്‌ ചട്ട ലംഘനമാണെന്നും ഇതിനെതിരെ ഇലക്ഷൻ കമ്മിഷൻ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ചെറുവത്തൂരിൽ സംഘടിപ്പിച്ച എൽ.ഡി.എഫ്‌ പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിയുടെ ഭാഷ തന്നെയാണ്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയുടേതും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ രാഷ്‌ട്രീയ വൈരാഗ്യം കൊണ്ട്‌ അർഹമായ വിഹിതം നൽകാതെ കേരളത്തെ വീർപ്പുമുട്ടിക്കുമ്പോൾ അതിനെതിരെ ശബ്‌ദിക്കാൻ കോൺഗ്രസ് തയ്യാറായില്ല. മറിച്ച്‌ ബി.ജെ.പിക്ക്‌ ഒപ്പം ചേർന്ന്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തുന്നു. ഈ രണ്ട്‌ മുന്നണികളും നാടിന്‌ ഭീഷണിയാണ്‌. ഇവരെ പരാജയപ്പെടുത്തി ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണം. പാർലിമെന്റിൽ ജനങ്ങളുടെ ശബ്‌ദം ഉയരണമെങ്കിൽ ഇടതുപക്ഷ അംഗങ്ങളുടെ എണ്ണം കൂടിയേ മതിയാകൂ. ഭരണഘടനയും ജനാധിപത്യവും സംരംക്ഷിച്ച്‌ ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഇടതുപക്ഷത്തിന്‌ മാത്രമേ സാധിക്കുകയുള്ളുവെന്നും രാജ പറഞ്ഞു.

സി പി.ഐ ജില്ലാസെക്രട്ടറി സി പി.ബാബു അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എം.വി.ബാലകൃഷ്‌ണൻ, സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം കെ.പി.സതീഷ്‌ചന്ദ്രൻ, എം.എൽ.എ മാരായ ഇ.ചന്ദ്രശേഖരൻ എം.രാജഗോപാലൻ , മുൻ എം.പി പി.കരുണാകരൻ, സാബു അബ്രഹാം, വി.വി.കൃഷ്‌ണൻ, കെ.സുധാകരൻ, സി ബാലൻ, ഇ.കുഞ്ഞിരാമൻ, പി. പി.രാജു, രതീഷ്‌ പുതിയപുരയിൽ, കൈപ്രത്ത്‌ കൃഷ്‌ണൻ നമ്പ്യാർ, സുരേഷ്‌ പുതിയേടത്ത്‌, കെ.വി.അബ്‌ദുൾ അസീസ്‌, എ.അമ്പൂഞ്ഞി എന്നിവർ സംസാരിച്ചു. ടി.നാരായണൻ സ്വാഗതം പറഞ്ഞു.