nda

കാസർകോട്: കലാശക്കൊട്ടിനെ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുന്നണികളും സ്ഥാനാർത്ഥികളും ഓട്ടപ്പാച്ചലിൽ.കൃത്യമായ ആസൂത്രണവുമായി മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും നിലനിർത്താൻ യു.ഡി.എഫും പരമാവധി വോട്ടർമാരെ നേരിൽ കണ്ടും വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ സംഘടിപ്പിച്ചും മുന്നേറുമ്പോൾ യുവ വനിതാസ്ഥാനാർത്ഥിയെ മുൻനിർത്തി ഉശിരൻ പോരാട്ടം കാഴ്ചവെക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ.

അവസാനവട്ട ഒരുക്കത്തിൽ എൽ.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. മണ്ഡലം നിലനിർത്താൻ വലിയ പ്രയാസമുണ്ടാകില്ലെന്ന് കരുതിയ യു.ഡി.എഫാകട്ടെ കൂടുതൽ ഊർജ്ജിതമായി പ്രവർത്തിക്കേണ്ടിവരുമെന്ന അവസ്ഥയിലാണുള്ളത്. എൽ.ഡി.എഫ് കോട്ടയായ കാസർകോടിന് കഴിഞ്ഞ തവണ പറ്റിയ 'കൈത്തെറ്റ്' തിരുത്തുമെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ അവസാനലാപ്പിൽ തറപ്പിച്ചുപറയുന്നത്. ഉണ്ണിത്താന് കഴിഞ്ഞ തവണ ലഭിച്ച 44000 വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് അത്ര തന്നെ വോട്ടിന് ജയിക്കുമെന്നാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. അതെ സമയം 2019ലെ വിജയം ആവർത്തിക്കുമെന്ന് ഉറപ്പിച്ചാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണം.കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം തറപ്പിച്ചുപറയുന്നു.

അതെ സമയം മോദി ഗ്യാരന്റിയിൽ കാസർകോട് പിടിക്കുമെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനിയുടെ ആത്മവിശ്വാസം . കാസർകോട് വലിയ നേട്ടം ഉണ്ടാക്കുമെന്നും ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നതെന്നും അശ്വനി പറയുന്നു.

റോഡ് ഷോയിൽ നിറഞ്ഞ് സ്ഥാനാർത്ഥികൾ

പരസ്യപ്രചരണം തീരുന്നതിന്റെ തലേദിവസം റോഡ് ഷോകളിലായിരുന്നു മുന്നണി സ്ഥാനാർത്ഥികൾ .എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ രാവിലെ കല്യാശേരിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. രാത്രി തൃക്കരിപ്പൂർ മണ്ഡലത്തിലെ വലിയപൊയിലിലായിരുന്നു സമാപനം. വലിയപറമ്പ് പാലത്തിനു സമീപവും പട്ടേൽ കടപ്പുറവും തെക്കേക്കാടുമെല്ലാം ആവേശ സ്വീകരണമായിരുന്നു. എൻ.ഡി.എ സ്ഥാനാർഥി എം.എൽ. അശ്വിനിയുടെ റോഡ് ഷോ കണ്ണപുരത്ത് നിന്ന് ആരംഭിച്ച് കാസർകോട് ബദിയടുക്കയിൽ സമാപിച്ചു. ബദിയടുക്കയിൽ ഡി ജെയുടെ അകമ്പടിയിൽ മെഗാ റോഡ് ഷോയും നടത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരുടെ സ്വീകരണം ഏറ്റുവാങ്ങി.

കലാശകൊട്ടിന് പുതുമകളേറെ

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശക്കൊട്ട് ഇക്കുറി ഏറെ വൈവിദ്ധ്യപൂർണമാകുമെന്നാണ് വിവരം. മണ്ഡലത്തിലെ പ്രധാന ടൗണുകളിൽ മൂന്ന് മുന്നണിക്കും കലാശക്കൊട്ട് നടത്തുന്നതിന് പ്രത്യേക സ്ഥലവും സമയവും നൽകിയിട്ടുണ്ട്.ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. പര്യടനത്തിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ എട്ടുമണിക്ക് മഞ്ചേശ്വരം ഹൊസങ്കടിയിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണന്റെ റോഡ് ഷോ ആരംഭിക്കും. നിരവധി വാഹനങ്ങളും ബൈക്ക് റാലിയും അകമ്പടിയായി ഉണ്ടാകും. ഗതാഗത തടസ്സം കൂടുതലുള്ള സ്ഥലങ്ങളിൽ ബൈക്ക് റാലി ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് കല്യാശ്ശേരി മണ്ഡലത്തിലെ എടനാട് സമാപിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രചരണത്തിന്റെ സമാപന ദിവസം ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് കളനാട് നിന്ന് പ്രചരണ ജാഥ ആരംഭിക്കും. കാസർകോട് പഴയ ബസ്റ്റാൻഡിൽ എത്തി കലാശക്കൊട്ട് നടത്തി സമാപിക്കും. എൻ.ഡി.എ സ്ഥാനാർഥി എം.എൽ.അശ്വിനി രാവിലെ 11 മണിക്ക് കുഞ്ചത്തൂരിൽ നിന്ന് റോഡ് ഷോ ആരംഭിക്കും. കാസർകോട് എയർലൈൻസ് ജംഗ്ഷൻ വഴി പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ സമാപിക്കും.