
മട്ടന്നൂർ: ആർ.എസ്.എസ് ബി.ജെ.പി കേന്ദ്രത്തിൽ നിന്ന് സ്‌റ്റീൽ ബോംബ് പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് സി.പി.എം മട്ടന്നൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. കോളാരിയിൽ സംഘപരിവാർ സംഘടന നടത്തുന്ന സച്ചിദാനന്ദ ബാലമന്ദിരത്തിന് സമീപത്തുനിന്നാണ് ഉഗ്ര സ്‌ഫോടനശേഷിയുള്ള ഒമ്പത് സ്‌റ്റീൽ ബോംബ് മട്ടന്നൂർ പൊലീസ് പിടികൂടിയത്. തിരഞ്ഞെടുപ്പ് ഘട്ടത്തിലെ ഇത്തരം ആയുധ സംഭരണം ആശങ്കയുണ്ടാക്കുന്നതാണ്. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണറാലിക്ക് നേരെ ചൊവ്വാഴ്‌ച വൈകിട്ട് നെല്ലൂന്നിയിൽ ആർ.എസ്‌എസുകാർ പടക്കമെറിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രകോപനം സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും സംഘപരിവാറിന്റെ ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും സി.പി.എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.