vote

കണ്ണൂർ: നാളെ വിധിനിർണയത്തിലേക്ക് പോകുന്നതിന് മുന്നോടിയായി ജില്ലയിലെ പോളിംഗ് ബൂത്തുകൾ സുസജ്ജമായി. സുതാര്യവും സുഗമവുമായ വോട്ടെടുപ്പിന് കുറ്റമറ്റ ക്രമീകരണങ്ങൾ സജ്ജീകരിച്ചതായി അധികൃതർ പറഞ്ഞു. ഇലക്ട്രോണിക്‌ വോട്ടിംഗ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഇവ പോളിംഗ് സംഘങ്ങൾക്ക് കൈമാറും. ഇന്ന് വൈകിട്ടോടെ പോളിംഗ് സംഘങ്ങൾ അവർക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളിൽ എത്തും.

പോളിംഗ് ബൂത്തുകളിൽ ക്രമക്കേട് ഉണ്ടാകുന്നത് തടയാൻ ജില്ലയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.ജനറൽ ഒബ്സർവറായി മാൻവേന്ദ്ര പ്രതാപ് സിംഗ്, ചിലവ് നിരീക്ഷക ആരുഷി ശർമ, പൊലീസ് നിരീക്ഷൻ സന്തോഷ് സിംഗ് ഗൗർ എന്നിവർ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണവും മേൽനോട്ടവും നിർവഹിക്കുന്നുണ്ട്.

പോളിംഗ് സ്റ്റേഷൻ താഴത്തെ നിലകളിൽ മാത്രം

പോളിംഗ് സ്റ്റേഷനുകൾ എല്ലാം കെട്ടിടങ്ങളുടെയും താഴത്തെ നിലകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തിന്റെ വിവിരങ്ങൾ,പോളിംഗ് ഏരിയ, സ്ഥാനാർത്ഥി പട്ടിക, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ, ബി.എൽ.ഒ എന്നിവരുടെ പേര് വിവരങ്ങൾ, മറ്റ്‌വോട്ടർ ഫെസിലിറ്റേഷൻ പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിക്കും. മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം,ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ടാകും. തണൽ, വരാന്ത സൗകര്യം എന്നിവ ഇല്ലാത്ത സ്ഥലങ്ങളിൽ പന്തൽ ഒരുക്കും.ഭിന്നശേഷി വയോജന സൗഹൃദമാക്കാനും നടപടിയെടുക്കും.

സുരക്ഷാസംവിധാനം അതിശക്തം

പ്രശ്നസാദ്ധ്യത പോളിംഗ് സ്റ്റേഷനുകൾ 418

അതീവപ്രശ്നസാദ്ധ്യതാ ബൂത്തുകൾ 121

പ്രശ്നസാദ്ധ്യതാബൂത്തുകളിൽ അധിക സുരക്ഷ,മൈക്രോ ഒബ്സർവർ

 റൂറൽ ജില്ലയിൽ 12 കമ്പനി കേന്ദ്ര സായുധസേന

സിറ്റിയിൽ ഒമ്പത് കമ്പനി കേന്ദ്ര സായുധ പൊലീസ്‌

 സുരക്ഷക്രമീകരണത്തിൽ സംസ്ഥാന പൊലീസും

നിരീക്ഷണം കുറ്റമറ്റത്

 1866 ബൂത്തുകൾ

 2664 ക്യാമറകൾ

ശബ്ദം ഉൾപ്പെടെ റെക്കോർഡ് ചെയ്യുന്ന ഫോർ ജി ക്യാമറകൾ

പകർത്തുന്ന ദൃശ്യങ്ങൾ സെർവ്വറിൽ റെക്കോർഡ് ചെയ്യപ്പെടും.

ഓഫാക്കാൻ ആകാത്ത വിധം സീൽ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും ദൃശ്യങ്ങൾ സുരക്ഷിതം. പ്രശ്നസാദ്ധ്യത ബൂത്തുകളിൽ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളിൽ ഒന്നു വീതവും

കളക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം 24 മണിക്കൂർ നിരീക്ഷിക്കും

വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കാൻ കുറ്റമറ്റ ക്രമീകരണങ്ങൾ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്.പോളിംഗ് ബൂത്തുകളിൽ ക്രമക്കേട് ഉണ്ടാകുന്നത് തടയാൻ ജില്ലയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.ബൂത്തിൽ ആൾമാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാൽ കർശന നടപടി കൈക്കൊള്ളും.ജില്ലാ കേന്ദ്രത്തിലൊരുക്കിയ കൺട്രോൾ റൂമിൽ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികൾ നിരീക്ഷിക്കും.

അരുൺ കെ .വിജയൻ ,ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, ജില്ലാ കളക്ടർ