
കണ്ണൂർ: ഒന്നരമാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചപ്പോൾ ശക്തിപ്രകടനമായി മുന്നണികളുടെ കൊട്ടികലാശം.തെരഞ്ഞെടുപ്പ് ആഘോഷത്തിന്റെ കൊടിയിറക്കം ഗംഭീരമാക്കാൻ മുന്നണികൾ മത്സരിച്ചു. ഇതുവരെയുള്ള പ്ര ചാരണത്തിന്റെ മുഴുവൻ ഊർജവും ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും കൊട്ടിക്കലാശത്തിന് നിശ്ചയിച്ച സ്ഥലങ്ങളിലേക്ക് എത്തിയത്.
ജയാരവം മുഴക്കി എൽ.ഡി.എഫ്
താവക്കര ബസ് സ്റ്റാൻഡിൽ നിന്ന് വാദ്യമേളങ്ങളുടെയും കൊടി തോരണങ്ങളുടെയും അകമ്പടിയോടെ നടന്ന പ്രകടനം എൽ.ഡി.എഫിന്റെ ദേശീയ നേതാക്കളാണ് നയിച്ചത്. നേതൃനിരയുടെ പിറകിലായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.പാട്ടിന്റെ ഈണത്തിനനുസരിച്ച് നൃത്തം വച്ച് എം.വി. ജയരാജന്റെ വിജയ ഗീതങ്ങൾ പാടിയായിരുന്നു ഇവരുടെ പ്രയാണം.
താവക്കരയിൽ നിന്ന് തുടങ്ങി റെയിൽ മുത്തപ്പൻ കോവിൽ വഴി റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻകോവിൽ, മുൻസിപ്പൽ ബസ് സ്റ്റാൻഡ് വഴി കാൾടെക്സ് കെ.എസ്.ആർ.ടി.സി പരിസരത്ത് ഘോഷയാത്രയെത്തുമ്പോൾ നഗരം ചെങ്കടലായി. സമാപന പരിപാടിയിൽ സി.പി.എം.പോളിറ്റ്ബ്യുറോ അംഗം എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ.ശ്രീമതി, സ്ഥാനാർത്ഥി എം.വി.ജയരാജൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സി പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം കൺവീനർ എൻ.ചന്ദ്രൻ, സി പി.മുരളി, ഇ.പി.ആർ വേശാല, എം.ഉണ്ണികൃഷ്ണൻ, കാസീം ഇരിക്കൂർ, ജോയ് കൊന്നക്കൽ, എം. സുരേശൻ, ബാബുരാജ് ഉളിക്കൽ, പി.കെ.രവീന്ദ്രൻ, കെ.പി.പ്രശാന്ത്, രാഗേഷ് മന്ദമ്പേത്ത് , സി പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ആവേശം തീർത്ത് യു.ഡി.എഫ്
യു.ഡി.എഫ് പ്രചാരണ കൊട്ടിക്കലാശം ഉച്ചയ്ക്ക് രണ്ടരയോടെയാണ് കണ്ണൂർ സിറ്റിയിൽ നിന്ന് ആരംഭിച്ചത്. അഞ്ചരക്ക് സ്റ്റേറ്റ് ബാങ്ക് ജംഗ്ഷൻ പരിസരത്ത് സമാപിച്ചു. സ്ഥാനാർത്ഥി കെ.സുധാകരനൊപ്പം യു.ഡി.എഫിന്റെ ഉന്നത നേതാക്കളും പങ്കെടുത്തു. ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ ഇന്നലെ രാവിലെയോടെ തന്നെ കണ്ണൂർ നഗരത്തിലെത്തിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം അൽപം വൈകിയതിനെ തുടർന്ന് ആദ്യഘട്ടത്തിൽ പ്രചാരണത്തിൽ പിന്നാക്കം പോയിരുന്നെങ്കിലും അവസാനം വൻ കുതിപ്പാണ് യു.ഡി.എഫ്. നടത്തിയത്. കൊട്ടിക്കലാശത്തിന് മുസ്ലീം ലീഗ് ജില്ലാ അദ്ധ്യക്ഷൻ അബ്ദുൽ കരീം ചേലേരി, ഡി.സി സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്, മുൻ മേയർ ടി.ഒ.മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൊട്ടിക്കയറി എൻ.ഡി.എ.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മൂന്ന് മുന്നണികളും ആയിരങ്ങളെ അണിനിരത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് എൻ.ഡി.എ. ഇന്നലെ പ്രചാരണം നടത്തിയത്.കൊട്ടിക്കലാശ പ്രചാരണ റാലി കണ്ണൂർ വിളക്കും തറ മൈതാനത്ത് നിന്നാരംഭിച്ച് പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തിയ റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ബി.ജെ.പി ദേശീയ സമിതിയംഗങ്ങളായ എ.ദാമോദരൻ, പി.കെ. വേലായുധൻ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ.സുരേഷ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, കെ.വി.അജി, പ്രഭാകരൻ മാങ്ങാട്, ബി.ജെ.പി ജില്ലാ വൈസ് പ്രസിന്റുമാരായ പി.ആർ.രാജൻ, ടി.സി മനോജ്, രാജൻ പുതുക്കുടി, യു.ടി.ജയന്തൻ, ജില്ലാ സെക്രട്ടറിമാരായ അരുൺ കൈതപ്രം,ജിഥിൻ രഘുനാഥ്, മണ്ഡലം പ്രസിഡന്റുമാരായ അർച്ചന വണ്ടിച്ചാൽ, ഷമീർ ബാബു, എസ്.വിജയ്, രാഹുൽ രാജീവ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരൻ, തുടങ്ങിയവർ നേതൃത്വം നൽകി.