
കണ്ണൂർ: കനത്ത പോരാട്ടം നടക്കുന്ന കണ്ണൂരിൽ നിർണായകമാകുന്നത് കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിലെ പ്രകടനം. എൽ.ഡി.എഫിന്റെ കോട്ടയായ തളിപ്പറമ്പിൽ കഴിഞ്ഞ തവണത്തേതു പോലെ നേരിയ ലീഡ് നേടാനായാൽ യു.ഡി.എഫിന് കരുത്തുകാട്ടാം. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നാൽപതിനായിരത്തിലധികം ലീഡ് നേടാനായില്ലെങ്കിൽ യു.ഡി.എഫിന് സീറ്റ് നിലനിർത്തുകയെന്നത് പ്രയാസകരമാകാനും ഇടയുണ്ട്.
കണ്ണൂരിലും അഴീക്കോടും ചേർന്ന് യു.ഡി.എഫ് കഴിഞ്ഞ തവണ നേടിയ 54360 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിനെ കഴിഞ്ഞ തവണ തകർത്തത്. തളിപ്പറമ്പ് കൈവിടുകയും ഇരിക്കൂറും പേരാവൂരും മികച്ച പിന്തുണ നൽകുകയും കൂടി ചെയ്തതോടെ എൽ.ഡി.എഫ് വമ്പൻ തോൽവി രുചിച്ചു.
മണ്ഡലങ്ങളിലെ ലീഡ് 2019 ലോകസഭ 2021 നിയമസഭ
കണ്ണൂർ 23423 (യു.ഡി.എഫ്) 1755(എൽ.ഡി.എഫ്)
അഴീക്കോട് 21858(യു.ഡി.എഫ്) 6141(എൽ.ഡി.എഫ്)
തളിപ്പറമ്പ് 725 (യു.ഡി.എഫ്) 22689(എൽ.ഡി.എഫ്)
കണ്ണൂരിനും അഴിക്കോടിനും ശ്രദ്ധ കൊടുത്ത് എൽ.ഡി.എഫ്
കണ്ണൂരിലും അഴീക്കോടും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് എൽ.ഡി.എഫ്. ഇക്കുറി തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്. രണ്ടു മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ ലീഡ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചാൽ എൽ.ഡി.എഫിന് കാര്യങ്ങൾ എളുപ്പമാകും. ഒപ്പം തളിപ്പറമ്പിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ ലീഡ് നിലനിർത്താനും എൽ.ഡി.എഫ് ശ്രദ്ധിക്കുന്നുണ്ട്.
മട്ടന്നൂർ, ധർമ്മടം നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ ലീഡ് ഒരു ലക്ഷത്തിലധികമാണ്. ഇത് നിലനിർത്താനായാൽ യു.ഡി.എഫിന്റെ നില പരുങ്ങലിലാകും. നിയമസഭാ തിരഞ്ഞെടുപ്പിലെ അത്രയും ലീഡ് പ്രതീക്ഷിക്കുന്നില്ലെങ്കിലും രണ്ടു മണ്ഡലങ്ങളിിലും കൂടി എൺപതിനായിരത്തിലധികം വോട്ടിന്റെ ലീഡ് ലഭിക്കുമെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ അവകാശപ്പെടുന്നത്. ഒപ്പം പേരാവൂർ ഇരിക്കൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് ലീഡ് കുറയ്ക്കാനും കഴിഞ്ഞാൽ മണ്ഡലം അനായാസം പിടിച്ചെടുക്കാമെന്നതാണ് മുന്നണിയുടെ വിലയിരുത്തൽ. പേരാവൂർ,ഇരിക്കൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് ലീഡ് നാൽപതിനായിരത്തിൽ താഴെക്ക് എത്തിക്കാനായാൽ എൽ.ഡി.എഫിന് നേട്ടമാകും. നിയമസഭ തിരഞ്ഞെടുപ്പിൽ 1.30 ലക്ഷം വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിന് കണ്ണൂർ പാർലിമെന്റ് മണ്ഡലത്തിലുള്ളത്.
യു.ഡി.എഫ് ആത്മവിശ്വാസത്തിൽ
കണ്ണൂർ അഴീക്കോട് മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. തളിപ്പറമ്പിൽ ലീഡ് നേടാനാകുമെന്നും നേതാക്കൾ പറയുന്നു. അതോടൊപ്പം ധർമ്മടം , മട്ടന്നൂർ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് ലീഡ് പകതിയാക്കാനുള്ള കഠിനശ്രമവും യു.ഡി.എഫ് നടത്തുന്നുണ്ട്. നിയമസഭയിലെ കണക്കുകൾ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രസക്തമല്ലെന്നാണ് യു.ഡി.എഫ് വാദം. കഴിഞ്ഞ തവണ 68509 വോട്ടാണ് ബി.ജെ.പി സ്ഥാനാർത്ഥി സി.കെ.പത്മനാഭന് ലഭിച്ചത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ച് യു.ഡി.എഫിന് ഗുണകരമായ സാഹചര്യം ഇക്കുറിയുമുണ്ടെന്നാണ് നേതൃത്വം വിലിയിരുത്തിയിട്ടുള്ളത്.