
#വിവാദം കൊഴുപ്പിച്ച് ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറും
കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഗൾഫിൽ വച്ചുള്ള ചർച്ചയിൽ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും പങ്കെടുത്തു. സി.പി.എം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ.പി താത്കാലികമായി പിൻവലിഞ്ഞെന്നും സുധാകരൻ ആരോപിച്ചു.
ആറുമാസമായി ഇ.പി. ജയരാജൻ ബി.ജെ.പിക്കെതിരെ പ്രസ്താവന ഇറക്കിയിട്ടില്ലെന്നും, ഗവർണർ പദവി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇ.പിക്ക് നിരാശയുണ്ട്. പാർട്ടിയിൽ ഒതുക്കപ്പെടുന്നുവെന്ന തോന്നലുണ്ടായതിനെ തുടർന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയത്.
സുധാകരാ മരുന്ന്
കഴിക്കൂ: ഇ.പി
സുധാകരാ മരുന്ന് കഴിക്കൂ, ഓർമ്മശക്തി വീണ്ടെടുക്കൂ,നല്ലൊരു രാഷ്ട്രീയ നേതാവാകാൻ ശ്രമിക്ക്. സത്യങ്ങളിൽ ഊന്നി നിൽക്കൂ - സുധാകരന് ഇ.പി. ജയരാജന്റെ മറുപടി. സുധാകരൻ ബി.ജെ.പിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തി. ചെന്നൈയിലെ ബി.ജെ.പി നേതാവ് രാജയാണ് തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ കണ്ണൂരിലെ ബി.ജെ.പി നേതാക്കൾ ഏർപ്പാടുകൾ ഒരുക്കിയിരുന്നെന്നും പറഞ്ഞു.
ചർച്ച നടത്തിയത്
ഇ.പിയെന്ന് ശോഭ
ആലപ്പുഴ: ബി.ജെ.പിയിലേക്ക് വരാൻ ചർച്ച നടത്തിയത് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ തന്നെയാണെന്ന് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി. പിന്നീട് അദ്ദേഹം പിന്മാറിയത് എന്തുകൊണ്ടെന്ന് പിണറായി വിജയനറിയാം. പാർട്ടി ക്വട്ടേഷൻ കൊടുക്കുമെന്ന് ഭയന്നാണ് പിന്നോട്ടു പോയത്. 2023 ജനുവരി 18ന് എറണാകുളത്തെ ഹോട്ടലിലായിരുന്നു ജയരാജന്റെ മകനുമായി കൂടിക്കാഴ്ച് നടത്തിയത്. ജയരാജനും കുടുംബവും ജീവിച്ചിരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ജയരാജനുമായി ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്ക് തനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് അയച്ചത് നന്ദകുമാറാണെന്നും ടിക്കറ്റിന്റെ ഫോട്ടോസഹിതമുള്ള വാട്സാപ്പ് സന്ദേശം മാദ്ധ്യമങ്ങൾക്ക് മുന്നിൽ കാണിച്ച് ശോഭ പറഞ്ഞു.
സുരേഷ് ഗോപിയെ
ജയിപ്പിക്കാനുള്ള ചർച്ച
കൊച്ചി: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനുമായി ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ ചർച്ച നടത്തിയത് സുരേഷ് ഗോപിയെ തൃശൂരിൽ ജയിപ്പിക്കണമെന്ന ആവശ്യവുമായാണെന്ന് ദല്ലാൾ ടി.ജി. നന്ദകുമാർ പറഞ്ഞു. പകരം ലാവ്ലിൻ, സ്വർണക്കടത്ത് കേസുകൾ ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. തൃശൂർ സീറ്റിന്റെ കാര്യം നടക്കില്ലെന്നും ആ സീറ്റ് സി.പി.ഐയുടേതാണെന്നും ജയരാജൻ പ്രതികരിച്ചു. പത്ത് ലക്ഷം രൂപ വാങ്ങി തനിക്ക് ശോഭാസുരേന്ദ്രൻ സ്ഥലം വിൽക്കാൻ ശ്രമിച്ചത് പുതുച്ചേരി ലഫ്. ഗവർണറാകാൻ വേണ്ടിയായിരുന്നെന്നും നന്ദകുമാർ ആരോപിച്ചു.