
കണ്ണൂർ: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചില കേന്ദ്രങ്ങൾ വോട്ടർമാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സമസ്ത ഉൾപ്പെടെയുള്ള സാമുദായിക സംഘടനകൾ സ്വതന്ത്ര നിലപാടെടുക്കുമ്പോൾ നേതാക്കളെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്താനുള്ള നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല.
ജനാധിപത്യ ഇന്ത്യയിൽ ഓരോ പൗരനും നിഷ്പക്ഷമായി ചിന്തിച്ച് വോട്ട് ചെയ്യാൻ അവകാശമുണ്ട്. സ്വതന്ത്രമായി ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമെല്ലാം ഇന്ന് ഏറ്റവും അനുയോജ്യമായ നാടാണ് കേരളം. ജനാധിപത്യപരമായ അവകാശങ്ങൾ രേഖപ്പെടുത്താൻ മുന്നോട്ട് വരുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. ഈ ഭീഷണികളിലൊന്നും വോട്ടർമാർ വഴങ്ങില്ല.