vote

കണ്ണൂർ: ഒന്നരമാസം നീണ്ട പ്രചാരണത്തിനൊടുവിൽ ജനം ഇന്ന് വിധിയെഴുത്തിന് പോളിംഗ് ബൂത്തിൽ എത്തും. പരസ്യപ്രചാരണം അവസാനിച്ചിട്ടും ആരോപണപ്രത്യാരോപണങ്ങളുമായി മുന്നണികൾ കളം നിറഞ്ഞതിനാൽ കടുത്ത പിരിമുറുക്കമായിരുന്നു മണ്ഡലത്തിലുടനീളം.
കണ്ണൂരിന്റെ മുൻകാലചരിത്രം മുൻവിധികളെ പിന്തുണച്ചതല്ല.കഴിഞ്ഞ തവണ കെ.സുധാകരൻ നേടിയ വൻ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.കേരളത്തിലുടനീളമുണ്ടായിരുന്ന യു.ഡി.എഫ് തരംഗത്തിന്റെ വഴി തന്നെയായിരുന്നു കണ്ണൂരിലും. എം.പിയായിരിക്കെ മണ്ഡലത്തിൽ നടപ്പാക്കിയ വികസനം എണ്ണിപ്പറഞ്ഞാണ് കെ.സുധാകരൻ ഇക്കുറി വോട്ടുതേടിയത്. നൂറു ശതമാനം എം.പി ഫണ്ടും മണ്ഡലത്തിൽ വിനിയോഗിച്ചെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. 2009ലും 2019ലും സി.പി.എമ്മിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ച തനിക്ക് ഇത്തവണ
അത്രയൊന്നും ആയാസപ്പെടേണ്ടിവരില്ലെന്നാണ് സുധാകരന്റെ ആത്മവിശ്വാസം. ഭരണവിരുദ്ധവികാരം വോട്ടാകുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.

അതെ സമയം കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറിയെന്നും മണ്ഡലം തിരിച്ചുപിടിക്കാമെന്നുമാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. മണ്ഡലത്തിൽ സി.പി.എമ്മിനുള്ള കരുത്ത് തന്നെയാണ് എൽ.ഡി.എഫിന്റെ വിജയപ്രതീക്ഷ. എം.വി.ജയരാജനെന്ന കരുത്തനായ സ്ഥാനാർത്ഥിയായതിനാൽ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്കു സൂചിപ്പിക്കാൻ ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി എന്ന പ്രചാരണത്തിനായിരുന്നു എൽ.ഡി.എഫിന്റെ ഊന്നൽ .ന്യൂനപക്ഷ വോട്ടുകളെ ഇതിലൂടെ കൂടുതൽ അടുപ്പിക്കാൻ സാധിക്കുമെന്നും മുന്നണി കണക്കുകൂട്ടിയിട്ടുണ്ട്. അരയും തലയും മുറുക്കിയാണ് ഇക്കുറി എൽ.ഡി.എഫ് കണ്ണൂരിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് സി.രഘുനാഥിലൂടെ എൻ.ഡി.എഫ് സ്വന്തമാക്കുന്ന വോട്ടുകളും കണ്ണൂരിന്റെ ജയപരാജയങ്ങളെ സ്വാധീനിക്കും.

എൽ.ഡി.എഫിന്റെ ആത്മവിശ്വാസം

ഏഴ് നിയമസഭ മണ്‌ഡലങ്ങളിൽ അഞ്ചും എൽ.ഡി.എഫിന്

പൗരത്വഭേദഗതിവിഷയത്തിൽ സ്വീകരിച്ച നിലപാട്

സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടം

എം.പിയെന്ന നിലയിൽ സുധാകരൻ പരാജയമെന്ന പ്രചാരണം

യു.ഡി.എഫിന്റെ ആത്മവിശ്വാസം

നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതി ആവർത്തിക്കില്ല

കേന്ദ്ര,സംസ്ഥാന ഭരണവിരുദ്ധവികാരം

കെ.സുധാകരന്റെ വ്യക്തിത്വം

മലയോരമേഖലയിലടക്കമുള്ള പ്രശ്നങ്ങൾ

എൻ.ഡി.എ കണക്കുകൂട്ടൽ

ഇന്ത്യ മുന്നണിയിലെ കക്ഷികളുടെ ഏറ്റുമുട്ടലെന്ന പ്രചാരണം

മോദിയുടെ വികസനം

കോൺഗ്രസിൽ നിന്നുള്ള ഒരുവിഭാഗത്തിന്റെ സഹായം