പയ്യന്നൂർ: ഇളമ്പച്ചി രാമവില്ല്യം കഴകത്തിൽ 25 വർഷങ്ങൾക്ക് ശേഷം 2025 മാർച്ച് 5 മുതൽ 12 വരെ തീയതികളിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 28ന് രാവിലെ 10ന് കഴകത്തിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കഴകം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി അനുഗ്രഹഭാഷണം നടത്തും. കഴകം പ്രസിഡന്റ് വി.വി.രാഘവൻ അദ്ധ്യക്ഷത വഹിക്കും. എംപയർ ഗ്രൂപ്പ് ഹോട്ടൽ എം.ഡി, എൻ.കെ.പി. അസീസ്, ചലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. രാവിലെ 9.30ന് ഇളമ്പച്ചി വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന് ആചാര്യ ശ്രേഷ്ഠൻമാരെ പൂർണ്ണ കുംഭത്തോടെ സ്വീകരിച്ച് കഴകത്തിലേക്ക് ആനയിക്കും. കഴകത്തിലെയും മറ്റ് ക്ഷേത്രങ്ങളിലെയും സ്ഥാനീകർ, കൂട്ടായിക്കാർ, ഭാരവാഹികൾ, ഇതര മത - സമുദായ ആരാധനാലയ പ്രതിനിധികൾ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ മേധാവികൾ, വിവിധ രാഷ്ടീയ - സാമുദായ - സാംസ്കാരിക സംഘടന പ്രതിനിധികൾ, ഭക്തജനങ്ങൾ തുടങ്ങിയവരടക്കം 3000 ഓളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ വി.വി.രാഘവൻ, കെ.വി.അമ്പുകുഞ്ഞി, ടി.ഗംഗാധരൻ, എം.കെ.അനിൽകുമാർ, പി.വി.ജനാർദ്ദനൻ സമുദായി, വൈക്കത്ത് രാജീവൻ സമുദായി, കെ.വി.കുഞ്ഞികൃഷ്ണൻ സമുദായി, കടിയാൻ പ്രഭാകരൻ സമുദായി സംബന്ധിച്ചു.