poster
സി.പി.ഐ മാവോയിസ്റ്റ് കബനിദളം എന്ന പേരിൽ മുഴക്കുന്ന് ഗവ.യു.പി സ്‌കൂൾ പ്രധാന ഗേറ്റിന് മുന്നിൽ പതിച്ച പോസ്റ്റർ

ഇരിട്ടി: വോട്ട് ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി മാവോയിസ്റ്റുകളുടെ പോസ്റ്ററുകൾ. മുഴക്കുന്ന് ഗവ. യു.പി സ്‌കൂൾ പോളിംഗ് സ്റ്റേഷന് മുന്നിലാണ് വ്യാഴാഴ്ച പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട പോസ്റ്റർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി നീക്കി.
നാല് ബൂത്തുകളാണ് സ്‌കൂളിൽ ഉള്ളത്. 69, 70, 71, 72 ബൂത്തുകളുള്ള സ്‌കൂളിലെ പ്രധാന ഗേറ്റിന് മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചത്. സി.പി.ഐ മാവോയിസ്റ്റ് കബനിദളം എന്ന പേരിലുള്ള പോസ്റ്ററിൽ രാജ്യദോഹികളെ ഒറ്റപ്പെടുത്തുക, ഇലക്ഷൻ ബഹിഷ്‌ക്കരിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് എഴുതിയിരിക്കുന്നത്. പോസ്റ്ററിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേേഷണം ആരംഭിച്ചു.
നിയോജക മണ്ഡലത്തിലെ പ്രശ്ന സാദ്ധ്യതാ ബൂത്തുകളിൽ പെട്ടതാണ് സ്‌കൂളിലെ നാല് പോളിംഗ് സ്‌റ്റേഷനുകളും. ഇപ്പോൾ മാവോയിസ്റ്റ് പോസ്റ്റർ കൂടി പ്രത്യക്ഷപ്പെട്ടതോടെ പോളിംഗ് ബൂത്തിനുള്ള സുരക്ഷ ശക്തമാക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വയനാട് കമ്പമലയിൽ ഇറങ്ങിയ നാലുപേർ അടങ്ങിയ മാവോവാദി സംഘം തൊഴിലാളികളോട് വോട്ട് ബഹിഷ്‌ക്കരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ പോസ്റ്റർ പ്രചാരണം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ കള്ളവോട്ട് ആരോപണവും സംഘർഷവുമെല്ലാം ഇവിടെ എറെ ചർച്ചയായിരുന്നു.