
കാസർകോട് :കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ മുഖ്യ വരണാധികാരി നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജനഹിതം അട്ടിമറിച്ച് എൽ.ഡി.എഫിന് വേണ്ടിയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടർ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത് എൽ.ഡി.എഫിനെ സഹായിക്കാൻ അല്ലാതെ മറ്റെന്തിനാണെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു.. അതേസമയം തിരഞ്ഞെടുപ്പ് നീതിപൂർവ്വവും നിഷ്പക്ഷവുമായി നടത്തുന്നതിനുള്ള സാധാരണ നടപടിയാണ് നിരോധനാജ്ഞ പ്രഖ്യാപനമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ പ്രതികരിച്ചു. കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് എൽ.ഡി.എഫിന് വേണ്ടിയാണെന്ന ആരോപണം ബാലിശമാണ്. അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്നും എം.വി ബാലകൃഷ്ണൻ പറഞ്ഞു.