കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ഇക്കരെ കൊട്ടിയൂരിൽ നടന്നു. ഇന്നലെ പുലർച്ചെ തന്നെ കൂറ്റേരി നമ്പ്യാർ മാലൂർ പടിയിൽനിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന നെയ്യ് ഇക്കരെ ക്ഷേത്രത്തിൽ എത്തിയിരുന്നു. തുടർന്ന് 'തണ്ണീർക്കുടി' ചടങ്ങ് നടന്നു. ഇക്കരെ ക്ഷേത്രനടയിൽ കൂവളത്തറയോട് ചേർന്ന് താഴെ നടവഴിയിൽ ആയില്യാർ കാവിന് അഭിമുഖമായി നിന്നാണ് 'തണ്ണീർക്കുടി' ചടങ്ങ് നടന്നത്.

ഒറ്റപ്പിലാൻ, പുറങ്കലയൻ, കൊല്ലൻ, ജന്മാശാരി, തൃകൈകുട സ്ഥാനീകൻ കണിയാൻ, പെരുവണ്ണാൻ, കാടൻ എന്നീ സ്ഥാനീകരാണ് ഈ ചടങ്ങിന്റെ അവകാശികൾ. ഏഴ് കല്ലുവാഴ ഇലയിൽ തേങ്ങ, വെല്ലം, പഴം എന്നിവ വച്ച് പ്രാർത്ഥിച്ച ശേഷം സ്ഥാനികർ മന്ദംചേരിയിലെത്തി 'ചന്ദ്രേരിയൻ' മാവിൻ ചുവട്ടിൽ വച്ച് പ്രസാദം പരസ്പരം കൈമാറിയും വീതംവച്ചും ഇവർ ഭക്ഷിച്ചതോടെ 'തണ്ണീർക്കുടി' ചടങ്ങ് പൂർണ്ണമായി. തുടർന്ന് ഒറ്റപ്പിലാനും, പുറംകലയനും ചേർന്ന് കിഴക്കേ നടയ്ക്ക് സമീപം ബാവലിപ്പുഴയിൽ മുങ്ങി കല്ലുകളെടുത്ത് ബാവലിക്കെട്ടിനായി വച്ചു. തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കുന്നതിനാണ് ഇത്.

തുടർന്ന് ക്ഷേത്ര സന്നിധിയിലെ കുത്തൂടിൽ അടിയന്തരയോഗം ചേർന്നു. വൈശാഖ മഹോത്സവത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ പരിപൂർണ്ണ ഉത്തരവാദിത്തം അടിയന്തര യോഗത്തിനാണ്. നാല് ഊരാളന്മാർ, രണ്ട് ഏഴില്ലക്കാർ, കണക്കപിള്ള, മണാളൻ എന്നിവരാണ് അടിയന്തരയോഗത്തിലെ പ്രധാനികൾ. ജന്മസമുദായമാണ് അടിയന്തരയോഗത്തിന്റെ അദ്ധ്യക്ഷൻ. അടിയന്തരയോഗത്തിൽ 28 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ നാളും മുഹൂർത്തവും കണക്കപിള്ള അവതരിപ്പിച്ചു. പുല്ലഞ്ചേരി ഇല്ലക്കാർ എഴുന്നള്ളിച്ചെത്തിച്ച അവിൽ അടിയന്തരയോഗത്തിന് മുമ്പാകെ സമർപ്പിച്ചു. തുടർന്ന് അടിയന്തരയോഗ സമക്ഷം രാമല വത്സൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അവൽ അളന്ന് തിട്ടപ്പെടുത്തി. വൈശാഖ മഹോത്സവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈകൊണ്ട ശേഷമാണ് അടിയന്തരയോഗം പിരിഞ്ഞത്.

വയനാട് എരുമത്തെരുവ് കാഞ്ചീകാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിന്റെ ഭാഗമായുള്ള യാദവ സമുദായം എഴുന്നള്ളിച്ചെത്തിച്ച നെല്ല് സമർപ്പണവും നടന്നു. നൂറ് കിലോയിൽ അധികം വരുന്ന നെല്ലാണ് സമർപ്പിച്ചത്. തുടർന്ന് കണക്കപിള്ളയുടെ നേതൃത്വത്തിൽ നെല്ലളവ് നടന്നു. കണക്കപ്പിള്ള അളന്ന് തിട്ടപ്പെടുത്തിയ നെല്ല് മണത്തണ ചപ്പാരം ക്ഷേത്ര പൂജാരിമാരായ ഏഴില്ലക്കാർ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിന് കിഴക്കുഭാഗത്തായി അടിയന്തരയോഗത്തിന് മുന്നിൽ വച്ച് പൂജിച്ചു. അക്കരെ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവത്തിന് നിവേദ്യത്തിന് ഉപയോഗിക്കാനുള്ള ഉണക്കലരിയ്ക്ക് വേണ്ട നെല്ല് പൂജയ്ക്ക് ശേഷം തിടപ്പള്ളിയിൽ ഏൽപ്പിച്ചു.
തുടർന്ന് നമ്പീശൻ അളന്ന നെല്ല് പടിഞ്ഞിറ്റ നമ്പൂതിരി വീണ്ടും പൂജിക്കുന്നതോടെ നെല്ലളവ് പൂർണ്ണമായി.

ദേവസ്വം ചെയർമാനും പാരമ്പര്യ ഊരാളനുമായ കെ.സി.സുബ്രഹ്മണ്യൻ നായർ, പാരമ്പര്യ ഊരാളന്മാരായ
കുളങ്ങരയത്ത് കുഞ്ഞിക്കൃഷ്ണൻ നായർ, തിട്ടയിൽ നാരായണൻ നായർ, ആക്കൽ ദാമോദരൻ നായർ, ഏഴില്ലക്കാർ, സമുദായി കൃഷ്ണ മുരളി നമ്പൂതിരി, കണക്കപ്പിള്ള, ഓച്ചർ തുടങ്ങിയരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രക്കൂഴം ചടങ്ങ് നടന്നത്. അർദ്ധരാത്രിയിൽ ആയില്യാർക്കാവിൽ ഗൂഢപൂജകൾ നടന്നു. ഊരാളൻമാർക്ക് തൃക്കൂർ അരി വിതരണവും 'അപ്പട' നിവേദ്യവും നൽകി.

പ്രധാന ഉത്സവ ദിനങ്ങൾ:

മേയ് 16: നീരെഴുന്നള്ളത്ത്
21: നെയ്യാട്ടം
22: ഭണ്ഡാരം എഴുന്നള്ളത്ത്
29: തിരുവോണം ആരാധന,
ഇളനീർ വെപ്പ്

30: ഇളനീരാട്ടം, അഷ്ടമി ആരാധന
ജൂൺ 02: രേവതി ആരാധന
06: രോഹിണി ആരാധന
08: തിരുവാതിര ചതുശ്ശതം
09: പുണർതം ചതുശ്ശതം
11: ആയില്യം ചതുശ്ശതം
13: മകം കലം വരവ്
16: അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
17: തൃക്കലശാട്ട്.