
കണ്ണൂർ: പതിവ് തെറ്റിക്കാതെ കുടുംബത്തിനൊപ്പം കാൽനടയായെത്തി മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടിട്ടു. 20 പേർക്ക് പിന്നിൽ ക്യൂവിൽ നിന്ന ശേഷം രാവിലെ എട്ടരയോടെയാണ് മുഖ്യമന്ത്രി വോട്ടിട്ടത്. പിണറായിയിലെ അമല യു.പി സ്‌കൂളിലെ 161-ാം നമ്പർ ബൂത്തിലായിരുന്നു പിണറായിക്കും കുടുംബത്തിനും വോട്ട്. തനിക്കൊപ്പം ക്യൂവിൽ നിന്നവരുടെ വിശേഷവും മുഖ്യമന്ത്രി തിരക്കി. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ബൂത്തിലേക്കും തിരിച്ചും ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് പിണറായി നടന്നത്.