□മുഖ്യമന്ത്രിയുടേത് കൃത്യമായ മുന്നറിയിപ്പ്
കണ്ണൂർ: ഇ.പി.ജയരാജനുമായി ബന്ധപ്പെട്ടുയർന്ന വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അൽപായുസ്സുള്ള ആരോപണം മാത്രമാണിത്. ചർച്ച ചെയ്യേണ്ട ആരോപണങ്ങൾ അല്ല. നന്ദകുമാർ ഫ്രോഡ് ആണ്. ഈ വിഷയത്തിൽ ഇ.പി ജയരാജൻ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കൃത്യമായ മുന്നറിയിപ്പാണെന്നും എം.വിഗോവിന്ദൻ കൂട്ടിച്ചേർത്തു.
ആരെയെങ്കിലും കാണുന്നതിൽ പ്രശ്നമില്ല. കഴിഞ്ഞ ദിവസം ഞാനും ജാവദേക്കറിനെ കണ്ടിരുന്നു. വരുന്ന വഴിക്ക് അദ്ദേഹം അവിടെയുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ കണ്ടെന്നു പറയേണ്ട വല്ല കാര്യവുമുണ്ടോ? എനിക്ക് പരിചയമുള്ള ആളല്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് അതാണ് പ്രകാശ് ജാവദേക്കർ എന്നറിഞ്ഞത്. പല ആളുകളും അങ്ങനെ വരും,കാണും. അതുകൊണ്ട് അതാണ് ഇതിന്റെ തെളിവെന്ന് പറയാനാകുമോ ?.
വ്യക്തിപരമായ സൗഹൃദമല്ല, രാഷ്ട്രീയവും നിലപാടുമാണ് പ്രധാനപ്പെട്ടത്.രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ല നന്ദകുമാറിനെ പോലെയൊരാളുമായി എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ സൗഹൃദം സ്ഥാപിക്കാൻ പാടുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.