കണ്ണൂർ: ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇ.പി. ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്നും, ഇ.പിക്ക് ജാഗ്രത കുറവുണ്ടായെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഇത്തരക്കാരുമായി പരിചയത്തിനപ്പുറത്തുള്ള ബന്ധം ആവശ്യമില്ല.

ഇ.പി. ജയരാജൻ ബി.ജെ.പിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. തിരഞ്ഞെടുപ്പ് സമയങ്ങളിൽ ഇത്തരം തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. ജയരാജന്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. ഏത് കമ്മ്യൂണിസ്റ്റുകാരനും ആവേശമുണർത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
ഇ.പി എല്ലാവരോടും സൗഹൃദം വയ്ക്കുന്ന ആളാണ്. ഉറക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കണമെന്ന് ആലോചിക്കുന്നവരുണ്ട്. അത്തരക്കാരുമായുള്ള അതിരുകവിഞ്ഞ സ്‌നേഹബന്ധവും ലോഹ്യവും ഒഴിവാക്കാണ്ടേതാണ്. ജയരാജൻ ഇത്തരം കാര്യങ്ങൾ വേണ്ട ജാഗ്രത കാണിക്കാറില്ലെന്നത് നേരത്തെയുള്ള അനുഭവമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ സംശയകരമായ സാഹചര്യത്തിലുള്ള വ്യക്തിക്ക് ഇതിന്റെ സാക്ഷിയാകാൻ കഴിഞ്ഞു. പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ആളാണ്. കൂടുതൽ പണം കൊടുക്കുന്നവർക്ക് വേണ്ടി അയാൾ വാദമുഖങ്ങൾ ഉയർത്തും.

ജാവദേക്കറെ കാണുന്നതിൽ എന്താണ് തെറ്റ്? ഞാൻ പല തവണ അദ്ദേഹത്തെ കണ്ടിരുന്നു. അടുത്തിടെ കണ്ടപ്പോൾ, നിങ്ങൾ പരമാവധി ശ്രമിക്കുകയാണല്ലേ, നമുക്ക് കാണാം എന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് ഒന്നും കിട്ടില്ലെന്ന് തന്നെയായിരുന്നു എന്റെ മനസിൽ. അത്തരത്തിൽ ആളുകളെ കാണുന്നത് തെറ്റാണെന്ന് തോന്നുന്നില്ല. എനിക്കെതിരെ ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ഒരു വൃത്തം ചുറ്റുമുണ്ട്. അവർക്ക് ഫണ്ടിംഗുണ്ട്. ഒരു കൂട്ടം മാദ്ധ്യമ പിന്തുണയുണ്ട്. അവരൊക്കെ ശ്രമിച്ചിട്ട് എന്ത് സംഭവിച്ചു. ഞാൻ ആത്യന്തികമായി തകർന്നു പോയോ? -പിണറായി ചോദിച്ചു.

സംസ്ഥാന ഭരണത്തിന്റെ

വിലയിരുത്തലല്ല

തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കേരളം ചരിത്രവിജയം സമ്മാനിക്കുമെന്നും ഒരു മണ്ഡലത്തിലും ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് അദ്ദേഹം ക്ഷുഭിതനായി. ആദ്യം തിരഞ്ഞെടുപ്പ് എന്താണെന്നു മനസിലാക്കണം. ഇത് തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ളതാണ്. കേരള ഭരണത്തെ വിലയിരുത്താനുള്ളതല്ല.