കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി.ജയരാജനോട് ശത്രുതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. എല്ലാ കാര്യങ്ങളിലും പരിഗണിക്കുന്നില്ല എന്നതിൽ ജയരാജന് പരാതിയുണ്ട്. ആ പരാതി പാർട്ടി ഫോറത്തിൽ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. അതുകൊണ്ടുതന്നെ മായിച്ചു കളയാനാകാത്ത ഒരു പ്രതികാരം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണമെന്നും കെ.സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു..
ജയരാജന് ചില കൂട്ടുകെട്ടിന്റെ പ്രശ്നമാണെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. സത്യത്തിൽ പാർട്ടിയിൽ നിന്നും അദ്ദേഹം പോകണമെന്ന് ആലോചിക്കുന്നതിനു കാരണം ഈ ശത്രുതയാണ്. ജയരാജൻ ബി.ജെ.പിയിലേക്ക് പോയാലും പോയില്ലെങ്കിലും തനിക്ക് എന്താണ് പ്രശ്നം?.തന്റെ കുടുംബത്തിൽനിന്ന് ആരോ പോകുന്ന പോലെയാണല്ലോ നിങ്ങളുടെ ചോദ്യമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജയരാജൻ എന്തു തീരുമാനമെടുത്താലും തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. ഇ.പി. ജയരാജനെ ഒതുക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നേരത്തേ മുതൽ ആലോചിക്കുന്നുണ്ട്. ആ ആലോചനയുടെ പ്രത്യാഘാതമാണ് അദ്ദേഹം അൽപം മാറി നിന്നത്. വായിൽ തോന്നിയത് വിളിച്ചു പറയുന്ന നന്ദകുമാറിനെപ്പോലെ ഒരാളുടെ വാക്കെടുത്ത് തന്നെ താരതമ്യം ചെയ്യാൻ പാടില്ല.
ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കർ ചായ കുടിക്കാൻ വരാൻ ഇ.പി. ജയരാജന്റെ മകന്റെ ഫ്ളാറ്റ് ചായക്കടയാണോയെന്ന് സുധാകരൻ പരിഹസിച്ചു. പൂർവ്വ ബന്ധമില്ലാതെ ആരെങ്കിലും ചായ കുടിക്കാനായി വരുമോ?. വീട്ടിലെത്തിയ ജാവദേക്കറുമായി
രാഷ്ട്രീയമല്ലാതെ, രാമകഥയാണോ സംസാരിച്ചത് .ജാവദേക്കർ ഉൾപ്പെടെയുള്ളവരെ കണ്ടതായി ഇ.പി. സമ്മതിച്ചല്ലോ. പിന്നെങ്ങനെയാണ് ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയാണെന്നു മുഖ്യമന്ത്രി പറയുന്നതെന്ന് സുധാകരൻ ചോദിച്ചു.