പയ്യന്നൂർ: പയ്യന്നൂരിൽ മൂന്നിടത്തും കല്യാശ്ശേരിയിൽ ഒരിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. ഇതോടെ അര മുതൽ ഒന്നര മണിക്കൂർ വരെ പോളിംഗ് വൈകി. ഉദ്യോഗസ്ഥരുടെ പ്രഥമ പരിശോധനയിലാണ് യന്ത്രങ്ങളുടെ തകരാർ ശ്രദ്ധയിൽപ്പെട്ടത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ കുന്നരു കാരന്താട് യു.പി.സ്‌കൂളിലെ 124-ാം ബൂത്തിൽ തകരാറായ യന്ത്രം മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇതേതുടർന്ന് ഒരു മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. രാമന്തളി ഗവ. ഹൈസ്‌കൂളിലെ 120-ാം ബൂത്തിൽ തകരാറിലായ യന്ത്രം ഉദ്യോഗസ്ഥരേയും വോട്ടർമാരേയും ബുദ്ധിമുട്ടിലാക്കി.

രണ്ട് മെഷീനുകൾ മാറ്റിയിട്ടും തകരാർ പരിഹരിക്കാനാവാത്തതിനെ തുടർന്ന് ഇവ മാറ്റി മൂന്നാമത്തെ യന്ത്രം എത്തിച്ചാണ് ഒന്നര മണിക്കൂറിനു ശേഷം വോട്ടു ചെയ്യാനായത്. പോളിംഗിനിടയിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാര്‍ കണ്ടതിനെ തുടർന്ന് പയ്യന്നൂർ ബി.ഇ.എം എൽ.പി. സ്‌കൂളിലെ 102-ാം ബൂത്തിലും പോളിംഗ് തടസപ്പെട്ടു.

കല്യാശ്ശേരി മണ്ഡലത്തിൽ കടന്നപ്പള്ളി ഈസ്റ്റ് എൽ.പി.സ്കൂളിലെ 52-ാമത് നമ്പർ ബൂത്തിലെ യന്ത്രവും പണിമുടക്കി. ഏഴു മണിയോടെ വോട്ടിംഗ് തുടങ്ങിയപ്പോൾ ബീപ് ശബ്ദം വരാത്തതാണ് പ്രശ്നമായത്. ഒടുവിൽ അരമണിക്കൂറിന് ശേഷമാണ് തിരഞ്ഞെടുപ്പ് ആരംഭിക്കാനായത്.