ഇരിട്ടി: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ പേരാവൂർ അസംബ്ലി മണ്ഡലത്തിൽപ്പെട്ട ഇരിട്ടി മേഖലയിൽ വോട്ടെടുപ്പ് സമാധാന പരമായി നടന്നു. പൊലീസിന്റെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ആദ്യ മണിക്കൂർ മുതൽ പോളിംഗ് ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. ചില ബൂത്തുകളിൽ വോട്ടിംഗിലെ മെല്ലെ പോക്ക് വോട്ടർമാരെ കുഴക്കിയെങ്കിലും കള്ളവോട്ട് മുതലായ ആരോപണങ്ങൾ കുറവായിരുന്നു. നിരവധി ബൂത്തുകളിൽ വോട്ടെടുപ്പ് സമയം ആറിന് അവസാനിച്ചെങ്കിലും വോട്ടെടുപ്പ് നീണ്ടു നിന്നു.
കത്തുന്ന വേനൽ ചൂടിൽ നിന്നും മാറി നിൽക്കാനായി വോട്ടർമാരിൽ ഏറെയും രാവിലെയും ഉച്ചകഴിഞ്ഞുമാണ് വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ എത്തിയത്. മേഖലയിലെ നാലുബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാർ കാരണം അരമണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
4 കമ്പനി കേന്ദ്രസേനയും തണ്ടർബോൾട്ടും ഉൾപ്പെടെ ആയിരത്തോളം പൊലീസുകാരാണ് 126 ബൂത്തുകൾ ഉൾപ്പെടുന്ന ഇരിട്ടി, പേരാവൂർ പൊലീസ് സബ് ഡിവിഷനിൽ സുരക്ഷ ചുമതലയ്ക്ക് നിയോഗിച്ചിരുന്നത്. മാവോവാദി ഭീഷണി നേരിടുന്ന ഇരുപതോളം ബൂത്തുകളിൽ കേന്ദ്രസേനയുടെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെയും, എ.എൻ.എഫിന്റെയും പ്രത്യേക സുരക്ഷയും ഉണ്ടായിരുന്നു. 15 അതീവ പ്രശ്ന സാദ്ധ്യത ബൂത്തുകളും, 19 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളും 31 പ്രശ്ന സാദ്ധ്യത ബൂത്തുകളിലും വോട്ടെടുപ്പ് സമാധനപരമായിരുന്നു.
മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾക്കായി 11 ഗ്രൂപ്പ് പട്രോളിംഗ് യൂണിറ്റുകളും 10 ക്രമസമാധാന പാലന യൂണിറ്റുകൾക്കും പുറമേ ക്യുക്ക് റെസ്‌പോൺസ് ടീം പട്രോളിംഗ് യൂണിറ്റുകളും ഓരോ സ്റ്റേഷൻ പരിധിയിലും രൂപീകരിച്ചിരുന്നു. പ്രശ്നബാധിത പ്രദേശങ്ങളിൽ ഉടൻ ഇടപെടൽ നടത്താൻ ഇത്തവണ ആദ്യമായാണ് രൂപീകരിച്ചത്. ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യയുടെ കീഴിൽ സുരക്ഷാ ഏകോപനത്തിന് ഡിവൈ.എസ്.പി പ്രേംജിത്തും സുരക്ഷയ്ക്ക് നേതൃത്വം നൽകാൻ പ്രത്യേകമായി നിയോഗിക്കപ്പെട്ടിരുന്നു.

സണ്ണി ജോസഫ് എം.എൽ.എ കടത്തും കടവ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം നമ്പർ ബൂത്തിൽ രാവിലെ തന്നെ എത്തി വോട്ട് ചെയ്തു. ഭാര്യ എൽസിക്ക് ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.
മണ്ഡലത്തിലെ സി.എം.ഐ സ്‌കൂൾ, ചുങ്കക്കുന്ന് സ്‌കൂൾ, ആനപ്പന്തി ഗവ.എൽ.പി സ്‌കൂൾ, കീഴൂർ സ്‌കൂൾ, പഴഞ്ചേരി എൽ.പി എന്നിവിടങ്ങളിൽ വനസൗഹൃദ ബൂത്തുകൾ ഒരുക്കി.

വോട്ടെടുപ്പ് തടസപ്പെട്ടു

നിയോജക മണ്ഡലം പരിധിയിൽ ആറളം ഗവ. എച്ച്.എസ്.എസിലെ 98 നമ്പർ ബൂത്തിലും ഇടവേലി ഗവ. എൽ.പി സ്‌കൂളിലെ 95 നമ്പർ ബൂത്തിലും മാടത്തിൽ എൽ.പി സ്‌കൂളിലെ 15 നമ്പർ ബൂത്തിലും കീഴൂർ വി.യു.പി സ്‌കൂളിലെ 59 നമ്പർ ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാർ മൂലം ആദ്യ അര മണിക്കൂറിലധികം വോട്ടെടുപ്പ് തടസ്സപ്പെട്ടു.
പേരാവൂർ നിയോജക മണ്ഡലത്തിലെ പകുതി ബൂത്തുകളിൽ പോലും നിശ്ചിത സമയത്ത് പോളിംഗ് പൂർത്തിയാക്കാനായില്ല. 158 ബൂത്തുകളിൽ 71 ബൂത്തുകളിൽ മാത്രമാണ് ആറുമണിക്ക് പോളിംഗ് പൂർത്തിയായത്. അവശേഷിക്കുന്ന ബൂത്തുകളിൽ ആറുമണിക്ക് എത്തിയവർക്ക് ടോക്കൺ നിൽകി അവസരം നൽകുകയായിരുന്നു.