കാഞ്ഞങ്ങാട്: പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ചിത്താരിപ്പുഴയിൽ റഗുലേറ്റർ നിർമ്മിക്കുന്ന വേളയിൽ തന്നെ പുഴ വറ്റിവരണ്ടു. റഗുലേറ്ററിന്റെ നിർമ്മാണത്തിനായി തത്കാലത്തേക്ക് ബണ്ട് കെട്ടി ഉപ്പുവെള്ളത്തിന്റെ വരവ് തടഞ്ഞതോടെയാണ് പുഴ വറ്റിവരണ്ടത്.

പുഴയിൽ വെള്ളമില്ലാതായതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും വറ്റി. തീരപ്രദേശമായിട്ടും വെള്ളം തേടി നടക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ചിത്താരിപ്പുഴയുടെ സമീപത്തുള്ളവർ.

ഇതോടനുബന്ധിച്ച് പള്ളിക്കര പഞ്ചായത്തിലെ 15, 16, 17 വാർഡുകളിലുൾപ്പെട്ട പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. ഇപ്പോൾ ഈ പ്രദേശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പഞ്ചായത്ത് ലോറിയിൽ ജലവിതരണം നടത്തുകയാണ്. പുഴയിൽ ഉപ്പുവെള്ളമാണെങ്കിലും സമീപപ്രദേശങ്ങളിലെ കിണറുകളിലെല്ലാം ശുദ്ധജലം തന്നെ കിട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു. വേലിയേറ്റ സമയത്ത് കടലിൽ നിന്ന് പുഴയിലേക്ക് ഇരച്ചുകയറിയിരുന്ന ഉപ്പുവെള്ളം ചുറ്റുമുള്ള മണൽ പ്രദേശങ്ങളിലൂടെ അരിച്ചിറങ്ങി ശുദ്ധജലമായി കിണറുകളിലേക്കിറങ്ങുകയായിരുന്നു.

ഇപ്പോൾ ഈ വെള്ളത്തിന്റെ വരവ് നിലച്ചതോടെയാണ് മൂന്ന് കിലോമീറ്ററോളം ചുറ്റളവിലുള്ള കിണറുകളെല്ലാം ഒറ്റയടിക്ക് വറ്റിവരണ്ടത്. കിണറുകളിൽ മൂന്നു മുതൽ ഏഴു കോൽ വരെ താഴ്ചയിൽ തന്നെ വെള്ളം കിട്ടിയിരുന്ന ഈ പ്രദേശങ്ങളിൽ ഇതുവരെ ഒറ്റ കുഴൽകിണർ പോലും കുഴിക്കേണ്ടി വന്നിരുന്നില്ല. പാലായി റഗുലേറ്റർ നിർമ്മിച്ചാണ് തേജസ്വിനി പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നത്.

ഉപ്പുവെള്ളമാണെങ്കിലും സമീപ പ്രദേശങ്ങളിലെ തെങ്ങിൻ തോട്ടങ്ങളിൽ ജലസേചനത്തിന് വെള്ളം ഉപകരിച്ചിരുന്നു. ഇപ്പോൾ ഇതും ഇല്ലാതായി.

നാട്ടുകാർ

കൃത്രിമ കനാലുമായി ബന്ധപ്പെടുത്തി

കോവളം ബേക്കൽ ജലപാതയുടെ ഭാഗമായി നിർമ്മിക്കുന്ന നിർദ്ദിഷ്ട കൃത്രിമ കനാലുമായി കൂടി ബന്ധപ്പെടുത്തിയാണ് ചിത്താരി പുഴയിൽ റഗുലേറ്റർ നിർമ്മിക്കുന്നത്. എന്നാൽ, റഗുലേറ്റർ നിർമ്മിച്ച് കടൽവെള്ളം വരുന്നത് തടഞ്ഞാൽ കൃത്രിമ കനാലിലൂടെ ഒഴുകി വരുന്ന വെള്ളം മത്രമാകും പുഴയിൽ ഉണ്ടാവുകയെന്നാണ് ഇപ്പോഴത്തെ സ്ഥിതി.