പിലാത്തറ: കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ട് ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്ര പോയതായി പരാതി. എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും, മറ്റ് ജീവനക്കാരും കൂർഗ്ഗിലേക്ക് വിനോദയാത്ര പോയെന്നാണ് നാട്ടുകാരുടെ പരാതി. മലയോര മേഖലയിൽ നിരവധി ആളുകൾ ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രമാണിത്.
രോഗികൾ രാവിലെ എത്തിയപ്പോഴാണ് കേന്ദ്രം തുറക്കാത്ത നിലയിൽ കണ്ടത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ ഇടപെടുകയും കുടുംബക്ഷേമ ഉപകേന്ദ്രത്തിലെ എം.എൽ.എസ്.പി നഴ്സസുമാരേയും ആശാ വർക്കറെയും നിയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രം തുറപ്പിക്കുകയായിരുന്നു. മൂന്ന് ഡോക്ടർമാർ ഉള്ളതിൽ രണ്ട് ഡോക്ടർമാർ വിനോദയാത്രയിലും, ഒരാൾ ലീവിലുമായതിനാലും, ഫാർമസിസ്റ്റ് ഉൾപ്പെടയുള്ള ജീവനക്കാർ വിനോദയാത്രയിൽ പങ്കാളികൾ ആയതുമാണ് കുടുംബാരോഗ്യ കേന്ദ്രം തുറക്കാതിരിക്കാൻ കാരണമായി പറഞ്ഞത്.
ഗ്രാമ പഞ്ചായത്ത് അധികാരികളെ വിവരമറിയിക്കാതെയാണ് ഇവർ വിനോദയാത്ര പോയതെന്നും ഈ വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഡി.എം.ഒയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഇന്ന് പഞ്ചായത്ത് അധികൃതർ ആശുപത്രിയിലെത്തി ബന്ധപ്പെട്ടവരുമായി നേരിൽ സംസാരിച്ച ശേഷം ഡി.എം.ഒക്ക് രേഖാ മൂലം പരാതി നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.