
കാസർകോട്: സമീപകാലത്തൊന്നുമില്ലാത്ത കനത്ത ചൂടിൽ കാസർകോട് ജില്ല വെന്തുരുകുന്നു. കഠിന താപം മൂലം കുടിവെള്ളസ്രോതസുകളെല്ലാം വറ്റിവരണ്ടുതുടങ്ങി. ഭൂഗർഭ ജലനിരപ്പും ഇതുവരെയില്ലാത്ത വിധത്തിൽ താഴുകയാണ്. കുടിവെള്ളക്ഷാമം മൂലം ജനം കടുത്ത പ്രയാസത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കടുത്ത ആരോഗ്യപ്രശ്നമാണ് ഉയർന്ന താപനില മൂലം ഉണ്ടാകുന്നത്. ചൂടു കൊള്ളുന്നവരുടെ ശരീരത്തിൽ ചൂടുകുരുവും ചൊറിച്ചിലും ഉണ്ടാകുന്നു . വീട്ടിനകത്തു പോലും ചൂടിന്റെ കാഠിന്യം രൂക്ഷമാണ്. ഫാൻ ഉപയോഗിക്കുന്നവർക്ക് ചൂടു കാറ്റാണ് ലഭിക്കുന്നത്. കൂടുതൽ മരങ്ങൾ ഒന്നുമില്ലാത്ത പറമ്പിലെ വീടുകളിൽ അത്യുഷ്ണം കാരണം ജനങ്ങൾ വീർപ്പുമുട്ടുകയാണ്. തീരപ്രദേശങ്ങളെ അപേക്ഷിച്ച് ജില്ലയുടെ മലയോര മേഖലകളിൽ ഇരട്ടി ചൂടാണ്. മുകളിലുള്ള സൂര്യന്റെ താപവും താഴെയുള്ള മലനിരകളുടെ ചൂടും ഒരുമിച്ച് അനുഭവിക്കുകയാണ് മലയോര പ്രദേശങ്ങളിലെ ജനങ്ങൾ.
റോഡുപോലെ തെളിഞ്ഞ് ചാലുകൾ
മലയോര പ്രദേശങ്ങളിലെ ചാലുകളെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. ഇതു കാരണം കുടിവെള്ളം മുട്ടിയെന്ന് മാത്രമല്ല, വസ്ത്രങ്ങൾ അലക്കുന്നതും കുളിക്കുന്നത് പോലും തടസ്സപ്പെടുന്നു. കുടിവെള്ള വിതരണ പൈപ്പുകളിൽ നിന്ന് പോലും വെള്ളം കിട്ടാതായതോടെ വലിയ പ്രതിസന്ധിയിലാണ് ജനങ്ങൾ ഉള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു നൽകുന്നുണ്ടെങ്കിലും ഒന്നിനും തികയാത്ത അവസ്ഥയിലാണുള്ളത്.
മുന്നറിയിപ്പാണ് , അവഗണിക്കരുത്
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും പരമാവധി ശുദ്ധജലം കുടിക്കുകയും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുകയും ചെയ്യണമെന്നാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും നൽകുന്ന മുന്നറിയിപ്പ്.
മറ്റ് മാർഗനിർദ്ദേശങ്ങൾ
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
ജില്ലയിലെ അടുത്ത ഒരാഴ്ചത്തെ താപനില കൂടിയത് -കുറഞ്ഞത്
ചൊവ്വ - 36 ഡിഗ്രി സെൽഷ്യസ് - 25 ഡിഗ്രി സെൽഷ്യസ്
ബുധൻ 37 -25
വ്യാഴം 37 -25
വെള്ളി 36 -25
ശനി 35 -26
ഞായർ 36 -25
തിങ്കൾ 35 -25
ചൊവ്വ 35 -25