science-park-kanhamgad1
ചെമ്മട്ടംവയൽ സയൻസ് പാർക്ക് കാട് മൂടിയ നിലയിൽ

കാഞ്ഞങ്ങാട്: ദേശീയപാതയിൽ ചെമ്മട്ടംവയലിൽ ബല്ല ഈസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപമുള്ള സയൻസ് പാർക്ക് കാട് മൂടി പാർക്കിനകത്തെ ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ തുരുമ്പിച്ച് നശിക്കുന്നു. 2020 കാലത്ത് നഗരസഭയുടെയും അജാനൂർ, മടിക്കൈ ഗ്രാമപഞ്ചായത്തുകളുടെയും മുൻകൈയിലാണ് പാർക്ക് യാഥാർത്ഥ്യമായത്. അന്നത്തെ ജില്ലാ കളക്ടർ രാജു നാരായണ സ്വാമിയാണ് പാർക്ക് കാഞ്ഞങ്ങാട് അനുവദിച്ചത്. നിർമ്മാണ വേളയിൽ അജാനൂരോ മടിക്കൈയോ സാമ്പത്തിക സഹായം നൽകാത്തതിനാൽ കാഞ്ഞങ്ങാട് നഗരസഭ തനിച്ച് പദ്ധതി യാഥാർത്ഥ്യമാക്കുകയായിരുന്നു. കാൽനൂറ്റാണ്ട് പിന്നിടാറായിട്ടും പാർക്കിന്റെ പ്രയോജനം ആർക്കും ലഭിച്ചില്ല.
2008 കാലത്ത് കാഞ്ഞങ്ങാട്ട് സംസ്ഥാന ശാസ്‌ത്രമേള നടന്നപ്പോൾ പോലും ചെമ്മട്ടംവയൽ സയൻസ് പാർക്കിന്റെ വാതിലുകൾ അടഞ്ഞുതന്നെയായിരുന്നു. ത്രീഡി തീയേറ്ററുകളുൾപ്പെടെ ഇതിനകത്തുണ്ട്. എന്നാൽ അതിന്റെയൊന്നും പ്രയോജനം തൊട്ടടുത്തുള്ള സ്‌കൂളിലെ കുട്ടികൾക്കു പോലും ലഭിച്ചിട്ടില്ല.
2015 കാലയളവിൽ വൈസ് ചെയർമാനായിരുന്ന പ്രഭാകരൻ വാഴുന്നോറൊടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി പ്ലാനറ്റോറിയത്തിൽ നിന്ന് ഏതാണ്ട് മൂന്ന് ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൂടി ഇവിടെ എത്തിച്ചിരുന്നു. എന്നാൽ അതിൽ പിന്നീടും പാർക്ക് അടഞ്ഞുതന്നെയായിരുന്നു. ഒരു കാവൽക്കാരനെ നിയോഗിച്ച് ഇയാൾക്കുള്ള ശമ്പളവും മറ്റും നൽകുന്നതും നഗരസഭ തന്നെയാണ്.
ദേശീയപാതയോരത്ത് ആന്ധ്ര ബാങ്കിന്റെ സഹകരണത്തോടെ പ്രവർത്തിച്ചിരുന്ന കുട്ടികളുടെ പാർക്ക് ഇതിനിടെ സയൻസ് പാർക്കിലേക്ക് മാറ്റി. കുട്ടികളുടെ പാർക്കിലെത്തുന്നവർ സയൻസ് പാർക്കും കാണാൻ ശ്രമിക്കുമെന്നായിരുന്നു അധികൃതർ കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ കുട്ടികളുടെ പാർക്കുമില്ല സയൻസ് പാർക്കുമില്ല എന്ന അവസ്ഥയാണ്. നഗരസഭയുടെ എട്ടാം വാർഡിലാണ് സയൻസ് പാർക്ക്.