dry

സൂര്യഘാതമേൽക്കാതിരിക്കാൻ ജാഗ്രത പുലർത്തണം ആരോഗ്യവകുപ്പ്

കണ്ണൂർ: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ചൂടു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടെന്ന് ജില്ലാമെഡിക്കൽ ഓഫീസ്. ജനം ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു. കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കുമ്പോൾ സൂര്യാതപം കൊണ്ട് പൊള്ളൽ ഉണ്ടാകാമെന്നാണ് ഡി.എം.ഒ നൽകുന്ന മുന്നറിയിപ്പ്.

ശ്രദ്ധച്ചില്ലെങ്കിൽ പണി കിട്ടും

കനത്ത ചൂടിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെട്ട് ശരീരം ശോഷണം ഉണ്ടാകാം. ക്ഷീണം, കഠിനമായ വിയർപ്പ്, തലകറക്കം, തലവേദന, പേശി വലിവ്, ഓക്കാനവും ചർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും കടും മഞ്ഞ നിറമാവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാത ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീര താപം, വറ്റി വരണ്ട ചുവന്ന ചൂടായ ചർമം, ശക്തിയായ തലവേദന, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അപസ്മാരം, ബോധക്ഷയം


ഇവർക്ക് സങ്കീർണം

പ്രായമുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ, പോഷകാഹാര കുറവുള്ളവർ, പ്രമേഹം, വൃക്ക രോഗങ്ങൾ, ഹൃദ്രോഗം മുതലായ രോഗമുള്ളവർ എന്നിവർക്ക് ചെറിയ രീതിയിൽ സൂര്യതാപം ഏറ്റാൽ പോലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം.വെയിലത്ത് പണിയെടുക്കുന്നവർ,വളരെ കുറച്ചു മാത്രം വെള്ളം കുടിക്കുന്നവർ, തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താൽക്കാലിക പാർപ്പിടങ്ങളിലും താമസിക്കുന്നവർ, കൂടുതൽ സമയവും പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികൾ, മദ്യപാനികൾ എന്നിവരും അപകടസാദ്ധ്യത കൂടിയവരാണ്.

സൂര്യാഘാതമേറ്റാൽ ഉടൻ

തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.

ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക,

തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.
ധാരാളം പാനീയങ്ങൾ കുടിക്കുക. (ലവണാംശമുള്ള ഒ ആർ എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം)
ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ ആശുപത്രിയിൽ എത്തിക്കണം.
ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.

 കുട്ടികളെ അതികഠിനമായ വെയിലുള്ള സമയങ്ങളിൽ കളിക്കാൻ അനുവദിക്കാതിരിക്കുക.

കണ്ണൂരിൽ ഒരാഴ്ചത്തെ കൂടിയ താപനില

ചൊവ്വ - 35

ബുധൻ-34

വ്യാഴം-35

വെള്ളി -35

ശനി-36

ഞായർ-36

തിങ്കൾ-36

ശനി-35