മാഹി: കോഴിക്കോട് -കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തേക്ക് ഇന്നലെ അടച്ചിട്ടു. മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
പാലം പൂർണ്ണമായും അടയ്ക്കും. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കുവാനുള്ള സൗകര്യമുണ്ട്. റോഡിലെ ടാറിംഗ് ഇളക്കുവാനുള്ള ജോലി ആരംഭിച്ചു.
എക്സ്പൻഷൻ റാഡുകളിലെ വിള്ളലുകൾ വെൽഡിംഗ് ചെയ്തു യോജിപ്പിക്കാനുള്ള ജോലിയും നടക്കും. വടകര ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുന്ന ബസുകൾ മാഹി കെ.ടി.സി ജംഗ്ഷനിൽ ആളെ ഇറക്കി തിരികെ പോവും. തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന ബസുകൾ മാഹിപ്പാലം ജംഗ്ഷനിൽ നിന്നും തിരിച്ചു പോവും.
ദീർഘദൂര ബസുകൾ ബൈപ്പാസ് റോഡ് വഴി കടന്നു പോകും.
മറ്റു വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലം വഴിയും, തലശ്ശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി മേക്കുന്ന് മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയോ പോവേണ്ടതാണ്.
മാഹി പാലം അടച്ചതോടെ, ചൊക്ളി പാറാൽ റോഡിലും, മാഹി പാലം ചൊക്ലി റോഡിലും വാഹന ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. മണിക്കൂറുകളാണ് വാഹനങ്ങൾ ഇവിടെ കെട്ടിക്കിടക്കുന്നത്. പള്ളൂർ മേലെയിലെ പെട്രോൾ ബങ്കുകളിലും മദ്യശാലകളിലും വന്നെത്തുന്ന വാഹനങ്ങൾ കൂടിയായപ്പോൾ നിന്ന് തിരിയാൻ കഴിയാത്ത വിധം വാഹനങ്ങൾ കുരുങ്ങിക്കിടപ്പാണ്.
കൊടുവള്ളി മുതൽ മാഹി പാലം വരെയുള്ള ടാറിംഗ് ഇന്നലെ രാത്രി തുടങ്ങി. കെ.കെ ബിൽഡേർസ് ആണ് ജോലി ഏറ്റെടുത്ത് നടത്തുന്നത്.


മാഹി പാലത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചപ്പോൾ