
ചെറുവത്തൂർ: ദേശീയപാത നിർമ്മാണത്തിനിടെ മയ്യിച്ച വീരമലക്കുന്ന് വീണ്ടും മണ്ണിടിഞ്ഞു .മണ്ണിനടിയിൽ പെട്ട രണ്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അപകടം. മണ്ണിനടിയിലായ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പശ്ചിമ ബംഗാൾ മാൽഡ ജില്ലയിലെ ചഡ്മൻ ശാന്തിപുർ സദ്ദാം ഹുസൈൻ(27) ലിറ്റോ (19) എന്നിവരെയാണ് സമയോചിതമായ ഇടപെടലിനെ തുടർന്ന് മണ്ണിനടിയിൽ നിന്ന് നിസാര പരിക്കുകളോടെ രക്ഷിച്ചത്.
ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.ദേശീയപാത നിർമ്മാണ കമ്പനിയുടെ ജെ.സി.ബി ഉടനടി സ്ഥലത്തെത്തി തൊഴിലാളികളെ മണ്ണിനടിയിൽ നിന്നും കോരിയെടുക്കുകയായിരുന്നു.
വീരമല കുന്നിന്റെ മുകളിലേക്ക് പോകുന്ന റോഡിനടുത്ത് വളവിൽ സർവീസ് റോഡിനോട് ചേർന്ന് കോൺക്രീറ്റ് മതിൽ ഒരുക്കുന്നതിന് കമ്പി കെട്ടുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഫൗണ്ടേഷൻ ഇടുന്നതിനും കമ്പിവേലി കെട്ടുന്നതിനും കുന്നിന്റെ താഴെയായി വലിയ കുഴി എടുത്തിരുന്നു. കറുത്ത മണലും ചേടി മണ്ണും ആയിരുന്നു ഈ ഭാഗത്ത് കുന്നിന്റെ അടിഭാഗത്ത് ഉണ്ടായിരുന്നത്. ഉറവയുള്ള സ്ഥലം കൂടിയാണിത്. കുഴി എടുക്കുമ്പോൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുകയോ വേണ്ടത്ര മുൻകരുതൽ സ്വീകരിക്കുകയോ ചെയ്യാതെയാണ് തൊഴിലാളികളെ പ്രവൃത്തിയ്ക്ക് ഇറക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
രണ്ടാമത്തെ മണ്ണിടിച്ചിൽ
കഴിഞ്ഞവർഷം മഴക്കാലത്ത് മണ്ണിടിഞ്ഞുവീണു ദുരന്തം ഉണ്ടായ സ്ഥലത്തിന് തെക്കുഭാഗത്തായാണ് ഇന്നലെ അപകടം സംഭവിച്ചത്. തൃക്കരിപ്പൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചന്തേര പൊലീസും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും സമയോചിതമായി ഇടപെട്ടതാണ് ദുരന്തം ഒഴിവാക്കിയത്. ദേശീയപാതക്കരികിലെ ഹോട്ടലിൽ നിന്നും ആളുകൾ ഓടിയെത്തിയാണ് മണ്ണിനടിയിൽ അകപ്പെട്ടവരെ പുറത്തെടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞവർഷം മണ്ണിടിഞ്ഞപ്പോൾ വീരമലക്കുന്ന് സംരക്ഷിക്കുന്നതിന് അധികൃതർ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അവയൊന്നും പ്രാവർത്തികമാക്കിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
പേടിപ്പെടുത്തുന്നു വീരമലയും മട്ടലായി കുന്നും
ദേശീയപാത 66 വികസിപ്പിക്കുന്നതിനായി മണ്ണിടിച്ച വീരമലകുന്ന്, മട്ടലായി കുന്ന് എന്നിവ അശാസ്ത്രീമായി ഇടിച്ചുതാഴ്ത്തുന്നത് വൻദുരന്തത്തെ വിളിച്ചുവരുത്തുന്നതാകുമെന്ന ആശങ്ക ഉയരുന്നു. കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞ വീരമലക്കുന്ന് ഇന്നലെ കൊടുംവേനലിലായിട്ടും വീണ്ടും ഇടിഞ്ഞതാണ് ആശങ്ക ഉയർത്തുന്നത്.
കേരളത്തിലെ സാധാരണ ഇടനാടൻ കുന്നുകളിൽ നിന്നും വ്യത്യസ്തമായി അങ്ങേയറ്റം ദുർബലമായ ഘടനയാണ് വീരമലക്കുന്നിനും മട്ടലായി കുന്നിനുമുള്ളത്. ചുവന്ന മണ്ണ് വളരെ കുറവാണ് ഇവിടെ. ചെറിയ മേൽപ്പാളി കഴിഞ്ഞാൽ ചേടിയും അതിന് താഴെ ജലാംശമുള്ള കറുത്ത മണ്ണുമാണ് ഉള്ളത്. വേനലിൽ പോലും ഇടിയുന്നതാണ് കുന്നിന്റെ നില.
വീരമലയുടെ അടിവാരത്തിൽ നിന്ന് വൻതോതിൽ നീക്കം ചെയ്തതു കാരണം മുകൾ ഭാഗത്ത് നിന്ന് മലയിടിയുന്നത് ഇവിടെ പതിവാണ്. ജൂലായ് മാസത്തിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് മല ഇടിഞ്ഞ് മണ്ണും വെള്ളവും റോഡിലെത്തി ഇതുവഴിയുള്ള ഗതാഗതം പോലും തടസ്സപ്പെട്ടിരുന്നു. ഈ സമയത്ത് കലക്ടർ സ്ഥലം സന്ദർശിച്ച് താൽക്കാലിക നടപടി സ്വീകരിച്ചിരുന്നു.
സുരക്ഷാഭിത്തി നിർമ്മാണത്തിന് വേഗത ഇല്ല
വീരമലക്കുന്നിൽ ജൂലായിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖറും സംഘവും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കുന്നിടിച്ച ഭാഗത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ സംരക്ഷണ ഭിത്തി നിർമിക്കാനുള്ള രൂപരേഖ തയാറാക്കി 15 ദിവസത്തിനകം നൽകാൻ കരാർ കമ്പനിക്ക് കളക്ടർ നിർദേശം നൽകിയതാണ്. ജില്ല വികസന സമിതിയിൽ എം.രാജഗോപാലൻ എംഎൽഎ ഈ കാര്യം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ജില്ല വികസന സമിതി എടുത്ത തീരുമാന പ്രകാരമാണ് കളക്ടറും സംഘവും സ്ഥലം സന്ദർശിച്ചത്. ഇവിടെ അപകടം ഒഴിവാക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരം എന്തെല്ലാം ചെയ്യാൻ പറ്റും എന്ന കാര്യമാണ് സംഘം അന്ന് പ്രധാനമായും വിലയിരുത്തിയത്. എന്നാൽ മഴക്കാലം മുന്നിലെത്തിയിട്ടും സുരക്ഷാഭിത്തി നിർമ്മാണത്തിന്റെ ചെറിയൊരു ശതമാനം പ്രവൃത്തി മാത്രമാണ് നടന്നത്.ഒറ്റ മഴ പെയ്താൽ ദേശീയപാതയിലെ യാത്ര തന്നെ മുടങ്ങാനിടയുള്ള തരത്തിൽ അപകടകരമായ നിലയിലാണ് ഇടിഞ്ഞുനിൽക്കുന്ന വീരമലയുടെ നിൽപ്പ്.