വീരമല (കാസർകോട്): വിനോദ സഞ്ചാര മേഖലയായ വീരമലകുന്ന് ഇടിയുന്നത് പതിവായിട്ടും കുന്ന് സംരക്ഷണ പ്രഖ്യാപനങ്ങൾ ജലരേഖയായി മാറുന്നു. 2023 ജൂലായ് മാസം നിർത്താതെ പെയ്ത മഴയിൽ വീരമല കുന്നിടിഞ്ഞ് വലിയ ദുരന്തമാണ് ഉണ്ടായത്. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത കൃഷിയിടങ്ങൾ മണ്ണിനടിയിലായി.

യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ദേശീയപാത നിർമ്മാണത്തിന്റെ പേരിൽ കുന്നിടിച്ചു മണ്ണെടുക്കുന്നത് കാരണമാണ് വീരമല കുന്ന് ഇല്ലാതാകുന്നത് എന്ന മുന്നറിയിപ്പുകൾ തുടർച്ചയായി അധികൃതർ അവഗണിച്ചു കൊണ്ടിരുന്നു. വീരമല കുന്നിന്റെ തകർച്ച ചെറുവത്തൂർ കാസർകോട് ദേശീയപാതക്ക് മാത്രമല്ല പ്രദേശവാസികളുടെ ഏറ്റവും മികച്ച കുടിവെള്ള സ്രോതസിനും ഭീഷണിയാകുമെന്ന് ജനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

വീരമല കുന്നിന്റെ മുകളിൽ നിന്ന് ഒഴുകിവരുന്ന മഴവെള്ളം മല പിളർത്തിയാണ് പടിഞ്ഞാറോട്ട് വരുന്നത്. ഈ വെള്ളം ഒഴുക്കി വിടാൻ ദേശീയപാത നിർമ്മാതാക്കൾ തുടങ്ങിയ സംവിധാനം പാതിവഴിയിലാണ്. മണ്ണിനുള്ളിലെ ഉറവയുടെ ശക്തമായ സമ്മർദ്ദത്തിൽ മണ്ണും പാറക്കഷ്ണങ്ങളും വലിയ ഉരുളൻ കല്ലും ദേശീയപാതയിലേക്കാണ് പതിക്കുന്നത്. മുന്നിലെ പല വിടവുകളിലൂടെയും വെള്ളം ഒഴുകി തുടങ്ങിയതോടെ മണ്ണിടിച്ചൽ ശക്തമായി. രാത്രി സമയങ്ങളിൽ മഴ കനത്താൽ മണ്ണ് പൂർണമായും ദേശീയപാതയിലേക്ക് തള്ളും. ഇത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്ന് പറഞ്ഞിരുന്നു.

കുന്നിൽ നിന്ന് വരുന്ന മണ്ണും കല്ലും ചെളിയും ഹൈവേയും കടന്ന് പടിഞ്ഞാറു ഭാഗത്തുള്ള കൃഷിയിടത്തിൽ പതിച്ച് ഏക്കർ കണക്കിന് കൃഷിയാണ് നഷ്ടപ്പെട്ടത്.

അടയുന്ന ടൂറിസം സാദ്ധ്യത

വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന കാസർകോട് ജില്ലയിലെ പ്രസിദ്ധമായ മലയാണ് വീരമല. വനംവകുപ്പിന്റെ അധീനതയിലുള്ള ഈ കുന്നിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങളുണ്ട്. ഇവിടെ നിന്ന് കാര്യങ്കോട് പുഴയുടേയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. ദേശീയപാതയുടെ ചെറുവത്തൂർ കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയ്യിച്ചയിലൂടെയാണ് കടന്നു പോകുന്നത്.

നിശ്ചിത അളവിൽ മാത്രം മണ്ണെടുക്കണമെന്നും റോഡിന് ആവശ്യം വരുന്ന ഭാഗങ്ങൾ മാത്രം എടുത്താൽ മതിയെന്നും കരാറുകാരോടും ജില്ലാ കളക്ടറോടും പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മണ്ണിടിച്ചിൽ കാരണം കോടി കണക്കിന് രൂപയുടെ മണലാണ് നിർമ്മാണ കമ്പനിക്ക് സൗജന്യമായി കിട്ടിയത്. ഇതിനായി റവന്യൂ അധികൃതർ കാണിച്ചത് വല്ലാത്ത 'കാരുണ്യ' മാണ്.

സംരക്ഷണ സമിതി

ജലരേഖയായ പ്രഖ്യാപനങ്ങൾ

1. വീരമലക്കുന്ന് ഇടിയാതിരിക്കാൻ വലിയ സംരക്ഷണ ഭിത്തി

2. മണ്ണെടുക്കുന്ന പടിഞ്ഞാറ് ഭാഗം തട്ടുകളായി തിരിച്ച് മരങ്ങൾ വച്ചുപിടിപ്പിക്കും

3. ജലസ്രോതസ് നഷ്ടപ്പെടാതെ കുടിവെള്ള പദ്ധതി നടപ്പിലാക്കും

4. ദേശീയപാത നിർമ്മാണത്തിനായി എടുക്കുന്ന മണ്ണ് അളന്ന് തിട്ടപ്പെടുത്തി നൽകും

5. അനധികൃത മണ്ണെടുപ്പ് കർശനമായി തടയും