
മാഹി: കോഴിക്കോട് കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തേക്കായി അടച്ചിട്ടു. മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.ദീർഘദൂര ബസുകളടക്കമുള്ള വാഹനങ്ങൾ തലശ്ശേരി മാഹി ബൈപാസ് വഴിയാണ് പോകേണ്ടത്.
ഐ.ടി.ഐകൾക്ക്
മേയ് 4 വരെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാദ്ധ്യതയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകൾക്ക് മേയ് നാലു വരെ അവധി പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തും. ഉദ്യോഗസ്ഥരും അദ്ധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്ന് ഡയറക്ടർ നിർദ്ദേശിച്ചു.
കെ.പി.പി.എച്ച്.എ സംസ്ഥാന
സമ്മേളനം തുടങ്ങി
തിരുവനന്തപുരം: എയ്ഡഡ് പ്രൈമറി പ്രഥമാദ്ധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം തുടങ്ങി. പ്രതിനിധി സമ്മേളനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യാഹാളിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എം.ഐ. അജികുമാർ നടപടികൾ വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ റിപ്പോർട്ടും ട്രഷറർ കെ.എ. ബെന്നി വരവുചെലവും അവതരിപ്പിച്ചു. പഠന ഗവേഷണകേന്ദ്രം മാനേജർ കെ.കെ. ഗംഗാധരൻ, ഹെഡ്മാസ്റ്റർ മാസിക അസോസിയേറ്റ് എഡിറ്റർ എസ്. നാഗദാസ്, കെ.പി.പി.എച്ച്.എ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സജി കുര്യൻ എന്നിവർ സംസാരിച്ചു.
യാത്രഅയപ്പ് സമ്മേളനം ആന്റണിരാജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. നരേന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു.
ന്യൂനപക്ഷ കമ്മിഷനംഗം എ. സൈഫുദ്ദീൻ, കെ.പി.പി.എച്ച്.എ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് അജി സ്കറിയ, അസിസ്റ്റന്റ് സെക്രട്ടറി സി.എഫ്. റോബിൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ബുധനാഴ്ച സമാപിക്കും.