പാപ്പിനിശേരി (കണ്ണൂർ): ചെറുകുന്ന് പുന്നച്ചേരിയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കരിവെള്ളൂർ പുത്തൂർ സ്വദേശികളായ കെ.എൻ.പത്മകുമാർ (69), സി. സുധാകരൻ (52), ഇയാളുടെ ഭാര്യ അജിത (35), ഇവരുടെ സഹോദരന്റെ മകൻ ആകാശ് (ഒമ്പത്), അജിതയുടെ പിതാവ് കൃഷ്ണൻ (65) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിൽ അകപ്പെട്ടവരെ അര മണിക്കൂറിന് ശേഷമാണ് നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തത്. കോഴിക്കോട് പോയി മടങ്ങിയവരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി.