
കണ്ണൂർ: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച ഇ.പി. ജയരാജനെ തൊട്ടാൽ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇ.പിക്കെതിരെ നടപടിയുണ്ടാകില്ലെന്ന് അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാന വ്യക്തിയാണ് ഇ.പി. അതുകൊണ്ട് ജയരാജനെ തൊടാൻ എല്ലാവർക്കും പേടിയാണ്. ജയരാജനെ നോവിക്കാൻ സി.പി.എം നേതൃത്വം ഒരിക്കലും തയ്യാറാവില്ല- സുധാകരൻ പറഞ്ഞു. സെഞ്ച്വറിയടിച്ച ക്രിക്കറ്റ് കളിക്കാരൻ പോവുന്ന സന്തോഷത്തിലാണ് സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ജയരാജൻ പോയത്. നടപടിയെടുക്കാതിരുന്നത് പിണറായിയെ രക്ഷിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ജയരാജൻ എല്ലാം മറച്ചുവെയ്ക്കക്കുന്നതെന്നും സുധാകരൻ ചോദിച്ചു. കൂടുതൽ നേതാക്കൾക്ക് ഈ വിഷയത്തിൽ പങ്കുണ്ട്. അതു വഴിയെ വെളിപ്പെടുത്തുമെന്നും സുധാകരൻ പറഞ്ഞു.