
കാസർകോട് :ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്നും ഷവർമ്മ കഴിച്ചതിന് പിന്നാലെയുണ്ടായ ഭക്ഷ്യവിഷ ബാധയിൽ ജീവൻ പോയ കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദയുടെ വിയോഗത്തിന് ഇന്ന് രണ്ടുവയസ്. 2022 മേയ് ഒന്നിനാണ് ചികിത്സയിലിരിക്കെ ദേവനന്ദയുടെ മരണം.ഏകമകളുടെ വിയോഗം നൽകിയ ആഘാതത്തിൽ നിന്ന് ഇപ്പോഴും മുക്തയാകാത്ത അമ്മ പ്രസന്ന ഇപ്പോഴും വിങ്ങിപ്പൊട്ടുകയാണ്.
ഏപ്രിൽ 30നായിരുന്നു കൂട്ടുകാരികൾക്കൊപ്പം ദേവനന്ദ ഷവർമ്മ കഴിച്ചത്. ഇവിടെ നിന്നും ഷവർമ്മ കഴിഞ്ഞ 50 ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. കരിവെള്ളൂർ പെരളത്തെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏകമകൾ ആയിരുന്നു ദേവനന്ദ. മകൾ പോയതിന്റെ നൊമ്പരവും പേറി രണ്ടു വർഷമായി ചെറുവത്തൂർ മട്ടലായിയിലെ സഹോദരിയുടെ വീട്ടിൽ കഴിഞ്ഞിരുന്ന അമ്മ പ്രസന്ന കുറച്ചു ദിവസമായി മറ്റൊരു ബന്ധുവീട്ടിലാണുള്ളത്. പ്രീപ്രൈമറി അദ്ധ്യാപിക കോഴ്സും കമ്പ്യൂട്ടർ പഠനവും പൂർത്തിയാക്കിയ ഇവർക്ക് സർക്കാർ എന്തെങ്കിലുമൊരു ജോലി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല.
താൻ എന്തിന് ഇനി ജീവിക്കണമെന്ന് ചോദിക്കുന്ന പ്രസന്നയെ സമാധാനിപ്പിക്കാൻ ഇപ്പോഴും ബന്ധുക്കൾ ഏറെ പണിപ്പെടുന്നുണ്ട്. ഭർത്താവ് നേരത്തെ മരിച്ച പ്രസന്നയുടെ ഏക പ്രതീക്ഷ കൂടിയായിരുന്നു മകൾ. പഠിച്ച് ജയിച്ച് നല്ലൊരു ജോലി വാങ്ങി അമ്മയുടെ കഷ്ടപ്പാട് മാറ്റുമെന്ന് മകൾ പറയാറുള്ളത് ഓർക്കുമ്പോഴൊക്കെ പ്രസന്നയുടെ കണ്ണുകൾ തോരാതെ ഒഴുകുകയാണ്. വീട്ടിൽ നിന്ന് മാറിനിന്നിട്ടും പ്രസന്നയുടെ സങ്കടം മാറ്റാനായില്ലെന്ന് സഹോദരി സൗദാമിനിയും പറയുന്നു. ഫോൺ വിളിച്ചാൽ അപ്പോ കരച്ചിൽ തുടങ്ങും. ആകെയുള്ള പൊന്നുമോൾ പോയത് എങ്ങനെ അവൾ സഹിക്കും. സൗദാമിനിക്കും മിടുമിടുക്കിയായിരുന്ന ദേവനന്ദയെക്കുറിച്ച് ഓർക്കുമ്പോൾ കരച്ചിൽ അടക്കാൻ കഴിയുന്നില്ല.
നഷ്ടപരിഹാരക്കേസ് ഹൈക്കോടതിയിൽ
ഷവർമ്മ ദുരന്തത്തിൽ ദേവനന്ദ മരിച്ചത് സംബന്ധിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിലാണുള്ളത്. കേസിൽ കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മിഷണർ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ അന്നത്തെ ചന്തേര ഇൻസ്‌പെക്ടർ പി.നാരായണൻ ഷവർമ്മ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കി ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. അഡ്വ. എം വി അമരേശൻ, അഡ്വ അരവിന്ദ്, അഡ്വ. ഇ പ്രേമാനന്ദ് എന്നിവരാണ് കുടുംബത്തിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത്. കേസിൽ പ്രതിയായ ഹോട്ടൽ ഉടമ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. സംഭവം നടക്കുമ്പോൾ ഇയാൾ വിദേശത്തായിരുന്നു. ദേവനന്ദയുടെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇറച്ചിയിലും വെള്ളത്തിലും വിഷാംശം കലർന്നിരുന്നെന്നും 'ഷിഗെല്ല ബാക്ടീരിയ' ആണ് വിഷാംശത്തിന് കാരണമെന്നും തെളിഞ്ഞിരുന്നു. സർക്കാർ മൂന്ന് ലക്ഷം രൂപ കുടുംബത്തിന് നൽകിയിരുന്നു.