
കരിവെള്ളൂർ( കണ്ണൂർ): പിലാത്തറ -പഴയങ്ങാടി കെ.എസ്.ടി.പി പാതയിൽ ചെറുകുന്ന് പുന്ന ച്ചേരിയിൽ ഗ്യാസ് സിലണ്ടർ കയറ്റിവരികയായിരുന്ന ലോറിയിടിച്ച് മരിച്ച കാർ യാത്രക്കാരായ അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയുണ്ടായ അപകടത്തിൽ കരിവെള്ളൂർ പുത്തൂരിലെ കാനത്തിൽ കൃഷ്ണൻ (65) . മകൾ അജിത ( 38) അജിതയുടെ ഭർത്താവ് ചിറ്റാരിക്കൽ മണ്ഡപം ചുരിക്കാട് സുധാകരൻ( 52) . അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ്(9) കാർ ഡ്രൈവർ കാലിച്ചാനടുക്കത്തെ കെ.എൻ.പത്മകുമാർ (59) എന്നിവരാണ് മരിച്ചത്.
ചരക്കു ലോറി പിന്നിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഗ്യാസ് സിലിൻഡർ കയറ്റിയ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ആകാശ് ഒഴികെയുള്ളവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. കുട്ടി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പൂർണമായും ലോറിക്ക് അടിയിൽപ്പെട്ട കാർ ഏറെ നേരത്തെ ശ്രമഫലമായാണ് പുറത്തേക്ക് എടുക്കാൻ കഴിഞ്ഞത്.ലോറി പുറകോട്ടെടുത്ത് ശേഷം കാർ വെട്ടിപ്പൊളിച്ചായിരുന്നു അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലിസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ മരിച്ച അജിതയുടേയും സുധാകരന്റെയും ഏക മകൻ സൗരവിനെ കോഴിക്കോട് ഹോസ്റ്റലിൽ ചേർത്ത് തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റു മോർട്ടത്തിന് ശേഷം നാലുപേരുടെയും ഭൗതീകശരീരങ്ങൾ കരിവെള്ളൂർ പുത്തൂരിലെ നാറോത്ത് അമ്പലത്തിനു സമീപത്തെ വീട്ടിലെത്തിച്ചപ്പോൾ നാട് വിങ്ങിപ്പൊട്ടുകയായിരുന്നു. . നാറോത്ത് അമ്പലത്തിനു സമീപത്തെ സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം വൈകീട്ടോടെയാണ് നാല് മൃതദേഹങ്ങളും വീട്ടിലെത്തിച്ചത്. മൃതദേഹങ്ങൾ വീട്ടുമുറ്റത്ത് കൊണ്ടു വന്നതോടെ തടിച്ചു കൂടിയവരെല്ലാം വിങ്ങിപ്പൊട്ടി. മരണ വിവരം അറിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി മുതൽ വീട്ടുകാരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും അടുത്തുള്ള വീട്ടുകാരും എത്തിയിരുന്നു. കൃഷ്ണന്റെ ഭാര്യ ലക്ഷ്മി മൃതദേഹങ്ങൾ കണ്ടതോടെ തളർന്നു വീണു. പിന്നാലെ വീട്ടിനകത്തുണ്ടായിരുന്ന മരണപ്പെട്ട അജിതയുടെയും സുധാകരന്റെയും ഏക മകൻ സൗരവിനെയും മൃതദേഹം കാണിച്ചു. സൗരവിനെ കോഴിക്കോടുള്ള കോളജ് ഹോസ്റ്റലിൽ ചേർത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കൃഷ്ണന്റെയും ആകാശിന്റെയും സംസ്‌കാരം പുത്തൂരിലെ ശ്മശാനത്തിലും അജിതയുടെയും സുധാകരന്റെയും നീലേശ്വരത്തെ ശ്മശാനത്തിലും നടന്നു. പത്മകുമാറിന്റെ സംസ്‌കാരം കാലിച്ചാനടുക്കത്തും നടന്നു.