accident

കരിവെള്ളൂർ: ചെറുകുന്ന് പുന്നച്ചേരിയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അമ്മയുടെയും അച്ഛന്റെയും മൃതദേഹം ഒരു നോക്ക് കണ്ടതോടെ അലമുറയിട്ടു കരഞ്ഞ സൗരവിനെ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടാണ് അകത്തേക്ക് കൊണ്ടുപോയത്. അച്ഛാച്ഛന്റെ കൂടെ വാശിപിടിച്ച് പോയ ഒമ്പതു വയസുകാരൻ ആകാശിന്റെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ച് മാതാവ് ഐശ്വര്യയും പിതാവ് അജിതും അലറി വിളിച്ചു കരഞ്ഞതോടെ കൂടി നിന്നവരും വിങ്ങിപ്പൊട്ടി.

ചേട്ടനെ ഇനി കാണില്ലെന്ന യാഥാർത്ഥ്യം അറിയുന്ന പ്രായമായില്ലെങ്കിലും ആകാശിന്റെ കുഞ്ഞു സഹോദരി മൂന്നു വയസുകാരി അദ്വയും കണ്ടവരുടെ ഉള്ളിൽ വിങ്ങലായി. ഗൾഫിൽ ജോലിചെയ്യുന്ന അജിത്ത് ഇക്കഴിഞ്ഞ വോട്ടെടുപ്പ് ദിനത്തിനു തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ അച്ഛാച്ഛൻ കോഴിക്കോട് പോകുന്നതറിഞ്ഞ് വാശി പിടിച്ചാണ് ആകാശും കൂടെ പോയത്. അച്ഛൻ നോക്കാന്ന് പറഞ്ഞതല്ലേ, എന്നിട്ടും നീ പോയില്ലേ എന്ന് ചേതനയറ്റ് വന്ന മകനെ കെട്ടിപ്പിടിച്ച് കരയുന്ന ഐശ്വര്യയെ ആർക്കും സമാധാനിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.