പാലക്കുന്ന്: ജല അതോറിറ്റിയുടെ കീഴിൽ 'ബി.ആർ.ഡി.സി വെള്ളം' എന്നു വിളിക്കുന്ന പദ്ധതി മുഖേന ഉദുമ, പള്ളിക്കര പഞ്ചായത്ത് പരിധിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളം മുടങ്ങിട്ട് ദിവസങ്ങളേറെയായി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ കൈയൊഴിയുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ പദ്ധതി മുഖേന കുടിവെള്ളമെത്തിക്കാൻ വിവിധ ഇടങ്ങളിലായി 12 പടുകൂറ്റൻ ടാങ്കുകളാണ് നിലവിലുള്ളത്.
കരിച്ചേരി പുഴയിൽ നിന്ന് ബെങ്ങാട്ടെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കാൻ അതിതീവ്ര ശക്തിയുള്ള മൂന്ന് പമ്പുകൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം കേടായിട്ട് വർഷങ്ങളായി. ബാക്കിയുള്ള രണ്ടെണ്ണത്തിൽ ഒരു പമ്പ് കൂടി ഈയിടെ കേടായതാണ് ഇവിടങ്ങളിൽ ഇപ്പോൾ കുടിവെള്ള വിതരണം താറുമാറാകാൻ കാരണമെന്നറിയുന്നു. വേനൽ ചൂടിൽ വീട്ടുപറമ്പുകളിലെ ജല സ്രോതസ് വറ്റി വെള്ളം കിട്ടാതെ ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് കുനിന്മേൽ കുരുവായി ഈ ദുർഗതി. ജലവിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്, മുടക്കമില്ലാതെ വെള്ളം കിട്ടിയിരുന്നവർക്ക് സൂചനയാണെങ്കിലും സ്ഥിരമായി വെള്ളം കിട്ടാത്ത ഉപയോക്താകൾക്ക് ഇതുകൊണ്ട് പ്രയോജനമില്ലല്ലോ എന്നാണ് അവരുടെ പക്ഷം.
12 കൂറ്റൻ ടാങ്കുകളുണ്ട്
03 പമ്പുകളിൽ രണ്ടെണ്ണവും കേടായി
പാലക്കുന്നുകാർക്ക് പറയാനുണ്ട് മറ്റൊരു കഥ!
ജലഅതോറിറ്റിയുടെ വെള്ളം പാലക്കുന്ന് ഭാഗത്തെ ഒട്ടേറെ വീടുകളിലെ കുഴലിലൂടെ ഒഴുക്ക് നിലച്ചിട്ട് ഒരു വർഷത്തിലേറെയായെന്നാണ് അവരുടെ പരാതി. കാഞ്ഞങ്ങാട് ഓഫീസിൽ പലപ്പോഴായി പരാതിപ്പെട്ടിട്ടും കിട്ടാത്ത വെള്ളത്തിന് പണം അടച്ചുകൊണ്ടിരിക്കുകയാണവർ. മാസത്തിൽ വല്ലപ്പോഴും വെള്ളം 'കിട്ടിയാൽ കിട്ടി' എന്നതാണ് പാലക്കുന്നിലെ അവസ്ഥ. ചില ഇടങ്ങളിൽ കിട്ടാറേയില്ല. പക്ഷേ ദ്വൈമാസ മീറ്റർ റീഡിംഗ് മുറക്ക് നടക്കുന്നുമുണ്ട്.
വെള്ളം ഉപയോഗിച്ചാലും ഇല്ലെങ്കിലും മിനിമം വെള്ളക്കരം അടച്ചല്ലേ പറ്റൂ. അധിക തുകയും ചേർത്തുള്ള ബില്ലും ചിലർക്ക് കിട്ടുന്നുണ്ട്. വെള്ളം വരുമെന്ന് പ്രതീക്ഷിച്ച് ടാപ്പ് തുറന്നുവെക്കുന്നതാണ് പലരുടെയും രീതി. ബിൽ തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ വാട്ടർ അതോറിട്ടിക്ക് അത് കാരണമാകും. മീറ്റർ റീഡിംഗിനായി എത്തുന്നവരോട് പരാതിപെട്ടാൽ അയാൾ നിസ്സഹായകനാകും. മറ്റിടങ്ങളിൽ വെള്ളം കിട്ടിയാലും പാലക്കുന്നിൽ ചില ഭാഗങ്ങളിൽ മാത്രം കുടിവെള്ളം കിട്ടാത്തതിന്റെ കാരണം കണ്ടെത്തി അതിന് ശാശ്വത പരിഹാരമുണ്ടാകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.