
@ രണ്ടാംഘട്ടത്തിൽ 21 ലക്ഷം പുസ്തകങ്ങൾ
കോഴിക്കോട്: അടുത്ത അദ്ധ്യയനവർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകവിതരണത്തിന്റെ ഒന്നാംഘട്ടം ജില്ലയിൽ പൂർത്തിയാകുമ്പോൾ ജില്ലയിൽ വിതരണം ചെയ്തത് 15.5 ലക്ഷം പുസ്തകങ്ങൾ. ഒന്നാം ഘട്ട വിതരണത്തിനായി 16 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ എത്തിച്ചിരുന്നത്. ഇതിൽ ബാക്കിയുള്ള അരലക്ഷം പുസ്തകങ്ങൾ ഇന്നോടെ വിതരണം പൂർത്തിയാക്കും. രണ്ടാംഘട്ടത്തിൽ സിലബസ് മാറി പുതിയ പുസ്തകങ്ങളായി പരിഷ്‌കരിച്ച 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകവിതരണം ഈ ആഴ്ച നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 21 ലക്ഷം പുസ്തകങ്ങളാണ് രണ്ടാം ഘട്ടത്തിലെത്തുക.
കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി അച്ചടി പൂർത്തിയാക്കിയ പുസ്തകങ്ങൾ ജില്ലാ ഹബ്ബായ വെള്ളിമാട് കുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്കൂളിൽ നിന്നാണ് ജില്ലകളിലെ സൊസെെറ്റികളിലേക്ക് വിതരണം ചെയ്യുന്നത്. 333 സൊസൈറ്റികളിലേക്ക് കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. പുസ്തകങ്ങൾ തരം തിരിക്കാനും കയറ്റി അയക്കാനുമായി ജില്ലാ കുടുംബശ്രീ 27 പേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിപ്പോയിൽ എത്തിയ പുസ്‌തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ പതിച്ചാണ് കയറ്റിയയക്കുന്നത്. ജില്ലയിൽ ആകെ 37 ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്.
@ആകെ - 37 ലക്ഷം പുസ്തകങ്ങൾ
@ആദ്യഘട്ടത്തിൽ -16 ലക്ഷം
@ജില്ലയിലെ സ്കൂളുകൾ- 1300