
കോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറിച്ചുള്ള വാദങ്ങളെല്ലാം തെറ്റിദ്ധാരണ പരത്തുന്നതാണ്. കേസന്വേഷണത്തിലും വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അവരുടെ ആത്മാർത്ഥതയും അർപ്പണബോധവും റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്. കേസന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല.
എന്നാൽ ഇത്രയധികം തെളിവുകളും ശാസ്ത്രീയ പരിശോധനാഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകൾ ശരിവച്ചില്ല. ഇത് സമൂഹത്തിൽ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്. പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാദ്ധ്യതകളും തേടും. നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഐ.പി.സി 153 എ പ്രകാരമുള്ള കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് യു.എ.പി.എ ചുമത്തിയില്ലെന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകി. വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണത്. അറസ്റ്റിലായശേഷം പ്രതികൾ ജാമ്യം ലഭിക്കാതെ ഏഴു വർഷവും ഏഴു ദിവസവും ജയിലിൽ കഴിഞ്ഞു. യു.എ.പി.എ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണക്കോടതിയുടെ തീർപ്പിന് വിട്ടതാണ്. യു.എ.പി.എ നിയമത്തെ അനുകൂലിക്കുന്നവരിൽ നിന്നാണോ ഇപ്പോഴത്തെ വിമർശനം എന്നത് പരിശോധിക്കേണ്ടതാണ്.
'പത്തുമണിയായില്ലേ, ഞാൻ പറയില്ല' കരുവന്നൂർ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
വാർത്താസമ്മേളനത്തിൽ താൻ പറഞ്ഞ സമയത്തിനപ്പുറം ചോദ്യങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി നടപടിയെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ തുടർ ചോദ്യങ്ങളോട് പ്രതികരിക്കാതെ മടങ്ങി. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ രാവിലെ 9.30നായിരുന്നു വാർത്താസമ്മേളനം. കൃത്യസമയത്ത് എത്തിയ മുഖ്യമന്ത്രി തന്റെ മൈക്കിന് മുന്നിൽ നിരത്തിയ ചാനൽ മൈക്കുകൾ കണ്ട് അവ ഇരുഭാഗത്തേക്കും മാറ്റിയാൽ സൗകര്യപ്രദമാകുമെന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അവ മാറ്റിയപ്പോഴേക്കും സമയം 9.35.
ഇന്ത്യാ മുന്നണിയുടെ ഡൽഹി റാലിയെക്കുറിച്ചടക്കം പറഞ്ഞശേഷം പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന്റെ നിലപാടിനെ വിമർശിച്ചു. അപ്പോഴേക്കും സമയം 9.48. ഇനി ചോദ്യങ്ങൾ ഉന്നയിക്കാമെന്നും കൃത്യം പത്തിന് തനിക്ക് അടുത്ത പരിപാടിക്ക് പോകേണ്ടതുണ്ടെന്നും വ്യക്തമാക്കി. ആദ്യ ചോദ്യം വന്നയുടൻ അദ്ദേഹത്തിന് കുടിക്കാൻ വെള്ളമെത്തി. 'നിങ്ങളുടെ ചോദ്യംകൊണ്ട് വെള്ളം കുടിച്ചതല്ല കേട്ടോ' എന്ന് തമാശരൂപത്തിൽ പറഞ്ഞശേഷം ചില ചോദ്യങ്ങൾക്ക് മറുപടി നൽകി. അതിലൊന്ന് റിയാസ് മൗലവി വധക്കേസ് വിധിയെക്കുറിച്ചായിരുന്നു. അതിന് വിശദമായ മറുപടി. അപ്പോഴേക്കും സമയം പത്ത് മണി. ഇനിയൊരു ചോദ്യത്തിനും മറുപടി പറയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മൈക്ക് ഓഫാക്കി.
പിന്നാലെ കരുവന്നൂരിലെ ഇ.ഡി നടപടിയെക്കുറിച്ചടക്കം ചോദ്യങ്ങൾ ഉയർന്നതോടെ '10മണിക്ക് വാർത്താസമ്മേളനം നിറുത്തുമെന്ന് പറഞ്ഞതാണ്, നിങ്ങളുടെ വാച്ചിൽ പത്തുമണിയായിട്ടുണ്ടാകും, നോക്കിക്കോ, ഇനി ചോദ്യങ്ങൾ വേണ്ട. ഇനി മുഖ്യമന്ത്രി എഴുന്നേറ്റ് പോയെന്ന് പറയേണ്ട. ഞാനിവിടെ ഇരിക്കാം. പക്ഷേ, മറുപടിയൊന്നുമില്ല' എന്നു പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റു.