 
കോഴിക്കോട്: മോദിസർക്കാരിന്റെ പ്രതിപക്ഷ വേട്ടയ്ക്കെതിരെ ഡൽഹിയിൽ നടന്ന റാലി ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് അതിലുണ്ടായത്. ബി.ജെ.പിക്കുള്ള താക്കീതായിരിക്കുമ്പോൾ തന്നെ കോൺഗ്രസും ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിതര പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബി.ജെ.പി വേട്ടയാടൽ നടത്തുമ്പോൾ കോൺഗ്രസ് സ്വീകരിച്ച സമീപനം ബി.ജെ.പി വേട്ടയാടലിനൊപ്പം നിൽക്കലാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേജ്‌രിവാൾ. മദ്യനയ അഴിമതി ആരോപണം ഉയർന്നു വന്നപ്പോൾ ഡൽഹി ഗവൺമെന്റിനെതിരെ ആരോപണം ഉന്നയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ചത് കോൺഗ്രസാണ്. ഇ.ഡി ഇടപെടലിന് വഴിവച്ചത് തന്നെ ആ നീക്കമാണ്. ഇപ്പോൾ സ്വീകരിക്കുന്ന നിലപാടിനെയല്ല വിമർശിക്കുന്നത്. നേരത്തെ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി എന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാണിക്കണമായിരുന്നു. കഴിഞ്ഞ ദിവസത്തെ ബഹുജന റാലിയിൽ കോൺഗ്രസിന്റെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുത്തു എന്നത് നല്ലകാര്യം തന്നെ.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കോൺഗ്രസിന് അഭിപ്രായം പറയാൻ കഴിയുന്നില്ല. എന്തൊരു ദയനീയമായ അവസ്ഥയാണിത്. രാഹുൽ ഗാന്ധി യാത്രയിൽ എവിടെയെങ്കിലും ഇതിനെക്കുറിച്ച് പ്രതികരിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു.