mvg
mvg

കോഴിക്കോട്: കോൺഗ്രസ് മഹാരാഷ്ട്രയിൽ എടുത്തതുപോലെയുള്ള നിലപാടുകൊണ്ട് ബി.ജെ.പിക്കെതിരായ മുന്നേറ്റം സാദ്ധ്യമാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുന്നത്തുപാലത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനായാൽ ബി.ജെ.പിയെ തോൽപ്പിക്കാനാകും. ബിഹാറിൽ ആർ.ജെ.ഡിയും തമിഴ്നാട്ടിൽ ഡി.എം.കെയും ഡൽഹിയിൽ ആം ആദ്മിയും മുൻകൈയെടുത്തു. കോൺഗ്രസ് മഹാരാഷ്ട്രയിൽ എടുത്തതുപോലെയുള്ള നിലപാട് സ്വീകരിച്ചാൽ മുന്നേറ്റം സാധിക്കില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർ താത്പ്പര്യം കാണിക്കുന്നില്ല. ഇലക്ട്രൽ ബോണ്ട് സമാഹരിക്കുന്ന രീതി ഭരണണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും ഒരു മാറ്റവുമില്ല. ജനങ്ങളുടെ ചെലവിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് അദ്ദേഹം പറഞ്ഞു.
കേരളം ഇനി ഒരു കാര്യത്തിലും ഒന്നാംസ്ഥാനത്ത് വരരുതെന്നാണ് കേന്ദ്ര നിലപാട്. വികസന പ്രവർത്തനങ്ങൾ നടക്കേണ്ടേന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ പക്കൽ പണമെത്തിയാൽ അത് തങ്ങൾക്ക് ലഭിക്കുമെന്ന് ജനങ്ങൾക്കറിയാം. ആര് എതിർത്താലും ക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് പിറകോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇ.രമേശ് അദ്ധ്യക്ഷനായി. എം. ഗിരീഷ്, പി.കെ. പ്രേംനാഥ്, അജയ് ആവള, ചൂലൂർ നാരായണൻ, ഷർമ്മദ് ഖാൻ, ശോഭാ അബൂബക്കർ ഹാജി,പി. ഷൈപു, ബാബു പറശ്ശേരി, മെഹബൂബ് കുറ്റിക്കാട്ടൂർ എന്നിവർ പ്രസംഗിച്ചു. കെ. ബൈജു സ്വാഗതം പറഞ്ഞു.